'ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥം, പരസ്യത്തില്‍ പ്രത്യേകം പറഞ്ഞിരുന്നു'; വിശദീകരണവുമായി കൂടല്‍മാണിക്യം ക്ഷേത്ര ഭാരവാഹികള്‍

By സമകാലികമലയാളം ഡെസ്‌ക്  |   Published: 28th March 2022 01:07 PM  |  

Last Updated: 28th March 2022 01:07 PM  |   A+A-   |  

mansiya koodalmanikyam temple

ഫയല്‍ ചിത്രം

 

തൃശൂര്‍: അഹിന്ദുവായതിനാല്‍ ക്ഷേത്ര ഉത്സവത്തിലെ നൃത്തോത്സവത്തില്‍ നിന്നും നര്‍ത്തകിയെ ഒഴിവാക്കിയത് വിവാദമായതോടെ, സംഭവത്തില്‍ വിശദീകരണവുമായി കൂടല്‍ മാണിക്യക്ഷേത്രം ഭാരവാഹികള്‍ രംഗത്തെത്തി. ക്ഷേത്ര മതില്‍ക്കെട്ടിന് ഉളളിലായതിനാലാണ് മന്‍സിയയെ പരിപാടിയില്‍ നിന്നൊഴിവാക്കിയതെന്ന് കൂടല്‍മാണിക്യ ക്ഷേത്രം ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ് മേനോന്‍ പറഞ്ഞു.

പത്രത്തില്‍ പരസ്യം നല്‍കിയാണ് കലാപരിപാടികള്‍ ക്ഷണിച്ചത്. പത്ര പരസ്യത്തില്‍ ഹിന്ദുക്കളായ കലാകാരന്മാരാകണമെന്ന് പറഞ്ഞിരുന്നതാണ്. ക്ഷേത്രമതിലിനകത്ത് പ്രത്യേകം സജ്ജമാക്കിയ പന്തലിലാണ് പരിപാടികള്‍ നടത്തുന്നത്. അവിടെ തന്നെയാണ് കൂത്തമ്പലവും സ്ഥിതിചെയ്യുന്നത്.
നൂറുകണക്കിന് അപേക്ഷകളാണ് ഇത്തവണ വന്നത്. വിദഗ്ധ സമിതിയാണ് അപേക്ഷകരില്‍ നിന്നും കലാകാരന്മാരെ തെരഞ്ഞെടുക്കുന്നത്.

അടുത്ത ഘട്ടമായി കച്ചീട്ടാക്കുന്നതിനായി ദേവസ്വം ഓഫീസ് പരിശോധിച്ചപ്പോഴാണ്, ഈ കലാകാരി ഹിന്ദുവല്ലെന്ന് ബോധ്യപ്പെടുന്നത്. നിലവിലെ ക്ഷേത്ര നിയമമനുസരിച്ച് അഹിന്ദുക്കളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാന്‍ കഴിയില്ല. ഈ കലാകാരിക്ക് പരിപാടി അവതരിപ്പിക്കാന്‍ പറ്റാത്തതില്‍ ദുഃഖമുണ്ട്. പക്ഷെ നിലവിലെ ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കാന്‍ ഭരണസമിതി ബാധ്യസ്ഥമാണെന്നും പ്രദീപ് മേനോന്‍ പറഞ്ഞു.

അഹിന്ദുവാണെന്ന് ചൂണ്ടിക്കാട്ടി ക്ഷേത്രത്തില്‍ നൃത്തപരിപാടിയില്‍ അവസരം നിഷേധിച്ചെന്ന് ആരോപിച്ച് നര്‍ത്തകിയായ മന്‍സിയ വി പിയാണ് രംഗത്തുവന്നത്. തൃശൂര്‍ കൂടല്‍ മാണിക്യ ക്ഷേത്രത്തിലാണ് മതപരമായ വിവേചനം നേരിട്ടതെന്നും, ഉത്സവത്തോടനുബന്ധിച്ചുള്ള നൃത്തോത്സവത്തില്‍ നിന്നും മാറ്റിനിര്‍ത്തിയതെന്നും മന്‍സിയ ആരോപിച്ചു. ഉത്സവ നോട്ടീസില്‍ പേര് അച്ചടിച്ചു വന്നശേഷമാണ് വിവേചനം നേരിടേണ്ടി വന്നതെന്നും മന്‍സിയ സമൂഹമാധ്യമക്കുറിപ്പില്‍ പറയുന്നു.