രഹസ്യമൊഴി നല്‍കുന്നതിന് മുമ്പ് കാവ്യയുടെ ഡ്രൈവര്‍ സാഗറിനെ പലതവണ വിളിച്ചു, സ്വാധീനിച്ച് മൊഴി മാറ്റി: ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th March 2022 01:10 PM  |  

Last Updated: 29th March 2022 01:10 PM  |   A+A-   |  

dileep

ദിലീപ് /ഫയല്‍ ചിത്രം

 

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷി സാഗര്‍ വിന്‍സെന്റിനെതിരെ ക്രൈംബ്രാഞ്ച്. സാഗറിനെ പ്രതിഭാഗം സ്വാധീനിച്ച് മൊഴി മാറ്റിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. കാവ്യയുടെ ഡ്രൈവര്‍ സുനീറും ദിലീപിന്റെ അഭിഭാഷകനും സാഗറിനെ കണ്ടു. ഇവര്‍ ആലപ്പുഴ റെയ്ബാന്‍ ഹോട്ടലില്‍ താമസിച്ചതിന് തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. കാവ്യ മാധവന്റെ ലക്ഷ്യ എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിലെ മുന്‍ ജോലിക്കാരനാണ് സാഗര്‍. 

കോടതിയില്‍ രഹസ്യമൊഴി നല്‍കുന്നതിന് മുമ്പ് സുനീര്‍ സാഗറിനെ പലതവണ ഫോണില്‍ വിളിച്ചു. സാഗറിനെ കാണാനായി കാവ്യയുടെ ഡ്രൈവര്‍ സുനീറും ദിലീപിന്റെ അഭിഭാഷകരും ആലപ്പുഴയില്‍ എത്തിയിരുന്നു. മറ്റൊരു സാക്ഷിയായ ശരത് ബാബുവിനെ സാഗര്‍ ദിലീപിന്റെ അഭിഭാഷകന്റെ ഓഫീസിലെത്തിച്ചു. നടന്ന സംഭവങ്ങള്‍ ശരത്ബാബു കോടതിയില്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. 

നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷികളിലൊരാളാണ് സാഗര്‍ വിന്‍സെന്റ്. നടിയെ ആക്രമിച്ച സംഭവത്തിന് ശേഷം കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനിയും കൂട്ടുപ്രതി വിജീഷും ലക്ഷ്യയില്‍ എത്തിയിരുന്നു എന്നതിന് പ്രധാന സാക്ഷിയാണ് സാഗര്‍. പിന്നീട് കോടതിയില്‍ വെച്ച് മൊഴിമാറ്റുകയും കൂറുമാറുകയുമായിരുന്നു. കേസുമായി ബന്ധപ്പെട്ട തുടരന്വേഷണത്തില്‍ ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ വ്യക്തത വരുത്തുന്നതിനായിട്ടാണ് സാഗര്‍ വിന്‍സെന്റിനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. 

എന്നാല്‍ ചോദ്യം ചെയ്യലില്‍ നിന്നും ഒഴിഞ്ഞുമാറുകയാണ് സാഗര്‍ ചെയ്യുന്നത്. ചോദ്യം ചെയ്യലുമായി സാഗര്‍ സഹകരിക്കുന്നില്ലെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. ചോദ്യം ചെയ്യലിന് വിളിപ്പിച്ച നടപടിക്കെതിരെ സാഗര്‍ വിന്‍സെന്റ് നല്‍കിയ ഹര്‍ജിയിലാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ വിശദീകരണം നല്‍കിയത്. 

അതിനിടെ, നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ രണ്ടാം ദിവസവും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുകയാണ്. ഇന്നലെ ഏഴു മണിക്കൂറോളം ദിലീപിനെ ചോദ്യം ചെയ്തിരുന്നു. എഡിജിപി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് അറിയില്ല. താന്‍ സിനിമയില്‍ അഭിനയിക്കാമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. ഇതില്‍ നിന്നും പിന്മാറിയതിലെ വൈരാഗ്യമാകാം ആരോപണത്തിന് പിന്നിലെന്നും ദിലീപ് ക്രൈംബ്രാഞ്ചിനോട് പറഞ്ഞു.