പണിമുടക്ക് ദിവസം ഷട്ടർ അടച്ചിട്ട് ജീവനക്കാർ ജോലി ചെയ്തു; സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിനെതിരെ ആരോപണം; പ്രതിഷേധം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th March 2022 02:14 PM  |  

Last Updated: 29th March 2022 02:14 PM  |   A+A-   |  

bank

പ്രതീകാത്മക ചിത്രം

 

തൃശൂർ: സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ ഷട്ടർ അടച്ചിട്ട് ജീവനക്കാർ ജോലി ചെയ്തു. തൃശൂർ സർവീസ് സഹകരണ ബാങ്കിലാണ് ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസം ജീവനക്കാർ രഹസ്യമായി ജോലി ചെയ്തത്. സംഭവമറിഞ്ഞ് ചാനൽ സംഘം സ്ഥലത്തെത്തിയതോടെ പൊലീസ് ഇടപെട്ടു.

സിപിഎം നേതാക്കളാണ് ഈ ബാങ്കിന്റെ ഭരണ സമിതി അംഗങ്ങൾ. സംഭവം വിവാദമായതോടെ സെക്യൂരിറ്റി ജീവനക്കാരോട് ഷട്ടർ തുറക്കാൻ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ കമ്പ്യൂട്ടർ സർവീസ് ചെയുകയായിരുന്നെന്നാണ് ബാങ്ക് സെക്രട്ടറിയുടെ വിശദീകരണം. കേരള ബാങ്ക് വൈസ് പ്രസിഡന്റ് എംകെ കണ്ണന്റെ നേതൃത്വത്തിലുള്ള സിപിഎം നേതാക്കളാണ് ബാങ്ക് ഭരണ സമിതി അംഗങ്ങൾ. 

തുടർന്ന് ബിജെപി പ്രവർത്തകർ ബാങ്കിന് മുൻപിൽ പ്രതിഷേധിച്ചു. പണി മുടക്കിന് ആഹ്വാനം ചെയത സിപിഎം നേതാക്കൾ സ്വന്തം സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കുന്നത് വിരോധാഭാസമാണെന്ന് ബിജെപി ആരോപിച്ചു. 

അതേസമയം ബാങ്കിന്റെ കമ്പ്യൂട്ടർ സർവർ തകരാർ പരിഹരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ മാത്രമാണ് അകത്ത് നടക്കുന്നതെന്നും ബാങ്ക് പ്രവർത്തിക്കുന്നില്ലെന്നും ബാങ്ക് അധികൃതർ പ്രതികരിച്ചു.