വധ ഗൂഢാലോചന കേസ്: ദിലീപിന്റെ ഹർജിയിൽ ഹൈക്കോടതിയിൽ ഇന്നും വാദം; സുഹൃത്ത് ശരത്തിനെ ഇന്ന് ചോദ്യം ചെയ്യം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th March 2022 08:48 AM  |  

Last Updated: 30th March 2022 08:48 AM  |   A+A-   |  

Dileep plea

ഫയല്‍ ചിത്രം

 

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്തിനെ അന്വേഷണ സംഘം ഇന്നും ചോദ്യം ചെയ്യും. കേസിലെ ആറാം പ്രതിയാണ് ശരത്ത്. കേസിലെ മറ്റ് പ്രതികളായ ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സൂരജ്, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെയും ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്തേക്കും. 

നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപിന് കൈമാറിയത് ശരത്താണെന്നാണ് അന്വേഷണ സംഘത്തിൻ്റെ നിഗമനം. ശരത്തിനെ ഇന്നലെ ആറ് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ദിലീപിനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇന്നലെ സംവിധായകൻ ബാലചന്ദ്രകുമാറിനൊപ്പം ഇരുത്തിയാണ് ദിലീപിനെ ചോദ്യം ചെയ്തത്. ആവശ്യമങ്കിൽ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുമെനന്ന് ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്ത് വ്യക്തമാക്കി. 

അതേസമയം വധ ഗൂഢാലോചന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയിൽ ഹൈക്കോടതിയിൽ ഇന്നും വാദം തുടരും. നടിയെ ആക്രമിച്ച കേസിലെ പിഴവുകൾ ഇല്ലാതാക്കാൻ പൊലീസ് കെട്ടിച്ചമച്ചതാണ് വധ ഗൂഢാലോചന കേസ് എന്നണ് ദിലീപിന്റെ വാദം. ജസ്റ്റിസ് സിയാദ് റഹ്മാൻ ആണ് കേസ് പരിഗണിക്കുന്നത്.