മറ്റു സംസ്ഥാനങ്ങളില്‍ ബസ് ചാര്‍ജ് കേരളത്തിന്റെ പകുതി മാത്രം; നിരക്ക് വര്‍ധന ജനങ്ങളോടുള്ള വെല്ലുവിളി: കെ സുരേന്ദ്രന്‍

കേന്ദ്രസര്‍ക്കാര്‍ ഇന്ധന വില കുറച്ചപ്പോള്‍ മറ്റ് സംസ്ഥാനങ്ങളെല്ലാം ആനുപാതികമായി വില കുറച്ചപ്പോള്‍ കേരളം മുഖംതിരിച്ചു നില്‍ക്കുകയായിരുന്നു
കെ സുരേന്ദ്രന്‍/ഫയല്‍ ചിത്രം
കെ സുരേന്ദ്രന്‍/ഫയല്‍ ചിത്രം
Updated on
1 min read


തിരുവനന്തപുരം: ബസ്  ഓട്ടോ ചാര്‍ജ് വര്‍ധന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മറ്റ് സംസ്ഥാനങ്ങളില്‍ ബസ് ചാര്‍ജ് കേരളത്തിന്റെ പകുതി മാത്രമുള്ളപ്പോഴാണ് വീണ്ടും വര്‍ധനവുണ്ടാക്കുന്നത്. കുത്തക മുതലാളിമാര്‍ക്ക് വേണ്ടി ജനങ്ങളെ വഞ്ചിക്കുകയാണ് ഇടതുസര്‍ക്കാര്‍ ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

കേന്ദ്രസര്‍ക്കാര്‍ ഇന്ധന വില കുറച്ചപ്പോള്‍ മറ്റ് സംസ്ഥാനങ്ങളെല്ലാം ആനുപാതികമായി വില കുറച്ചപ്പോള്‍ കേരളം മുഖംതിരിച്ചു നില്‍ക്കുകയായിരുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് എല്ലാ സംസ്ഥാനങ്ങളും സബ്‌സിഡി നല്‍കുമ്പോള്‍ കേരളം അത് ചെയ്യാതിരിക്കുന്നതില്‍ ദുരൂഹതയുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

എല്‍ഡിഎഫ് ശുപാര്‍ശയ്ക്ക് പിന്നാലെ, ബസ്, ഓട്ടോ ടാക്‌സി ചാര്‍ജ് കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. മിനിമം ബസ് ചാര്‍ജ് എട്ടു രൂപയില്‍ നിന്ന് പത്തുരൂപയായി വര്‍ധിപ്പിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു മാധ്യമങ്ങളോട് പറഞ്ഞു.

പിന്നീടുള്ള ഓരോ കിലോമീറ്ററിനും 90 പൈസയില്‍ നിന്ന് ഒരു രൂപയായി നിരക്ക് ഉയര്‍ത്തി. ഓട്ടോറിക്ഷയുടെ മിനിമം ചാര്‍ജ് 30 രൂപയാക്കി വര്‍ധിപ്പിച്ചു. നിലവില്‍ 25 രൂപയാണ്. മിനിമം ചാര്‍ജിന് രണ്ടു കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. നിലവില്‍ ഒന്നര കിലോമീറ്ററാണ്. അധികം വരുന്ന ഓരോ കിലോമീറ്ററിനും 15 രൂപ വീതം ഈടാക്കാം. നിലവില്‍ 12 രൂപയാണ് നിരക്ക്.

1500 സിസി വരെയുള്ള കാറുകള്‍ക്ക് നിലവില്‍ 175 രൂപയാണ് മിനിമം ചാര്‍ജ്. ഇത് 200 രൂപയായി ഉയര്‍ത്തി. അഞ്ചുകിലോമീറ്റര്‍ വരെയാണ് മിനിമം ചാര്‍ജ്. അധികം വരുന്ന ഓരോ കിലോമീറ്ററിനും 18 രൂപ വീതം ഈടാക്കാം. നിലവില്‍ 15 രൂപയാണ് നിരക്ക്. 1500 സിസിക്ക് മുകളിലുള്ള ടാക്‌സികളുടെ മിനിമം ചാര്‍ജ് 225 രൂപയായി ഉയര്‍ത്തി. നിലവില്‍ ഇത് 200 രൂപയായിരുന്നു. അധികം വരുന്ന ഓരോ കിലോമീറ്ററിനും 20 രൂപ വീതം ഈടാക്കാം. നിലവില്‍ ഇത് 17 രൂപയാണ്. വെയ്റ്റിങ് ചാര്‍ജ്, രാത്രികാല അധിക നിരക്ക് എന്നിവയില്‍ മാറ്റമില്ലെന്നും മന്ത്രി അറിയിച്ചു.

വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധിപ്പിക്കണമെന്ന ബസുടമകളുടെ ആവശ്യം ന്യായമാണ്. ഇത് പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Fake news alert
Pinarayi Vijayan
A tragic suicide case in Thiruvananthapuram where a woman
Minister KM Shaji
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com