കാസര്‍കോട്ടെ ഭക്ഷ്യവിഷബാധ: ചികിത്സ തേടിയവരുടെ എണ്ണം 31 ആയി, സംസ്ഥാനമൊട്ടാകെ പരിശോധന നടത്തുമെന്ന് മന്ത്രി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st May 2022 07:00 PM  |  

Last Updated: 01st May 2022 07:02 PM  |   A+A-   |  

m v govindan

എം വി ഗോവിന്ദന്‍, ഫയല്‍ ചിത്രം

 

കാസര്‍കോട്: ചെറുവത്തൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയവരുടെ എണ്ണം 31 ആയി. ഭക്ഷ്യ വിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച  പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്തുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു. 

നിയമം ലംഘിച്ചുള്ള ഭക്ഷ്യ വില്‍പ്പന നേരത്തെയും ഉണ്ടായിരുന്നു. ഇതിനെതിരെ  കര്‍ശന നടപടി എടുക്കും. ഗുണമേന്മയുള്ള ഭക്ഷണമാണ് നല്‍കുന്നതെന്ന് ഉറപ്പു വരുത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സയില്‍ കഴിയുന്ന കുട്ടികളെ മന്ത്രി  കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. 

ഭക്ഷ്യവിഷബാധ മൂലം കണ്ണൂര്‍ കരിവെള്ളൂര്‍ പെരളം സ്വദേശി 16 വയസുകാരിയായ ദേവനന്ദയാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ചെറുവത്തൂര്‍ ഐഡിയല്‍ ഫുഡ് പോയിന്റില്‍ നിന്ന് ഷവര്‍മ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഷവര്‍മയില്‍ ഉപയോഗിച്ച പഴകിയ മയോണൈസാണ് ഭക്ഷ്യ വിഷബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.  ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ദേവനന്ദ ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. 

ഫുഡ് സേഫ്റ്റി ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഐഡിയല്‍ ഫുഡ് പോയന്റെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു. കട പൂട്ടി സീല്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.

ഈ വാര്‍ത്ത കൂടി വായിക്കാം

ഷവര്‍മ കഴിച്ചു, കാസര്‍കോട് ഭക്ഷ്യവിഷബാധയേറ്റ 16കാരി മരിച്ചു; നിരവധിപേര്‍ ചികിത്സയില്‍

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ