മാലാ പാര്‍വതിക്ക് എന്തും ആകാലോ?, വിജയ് ബാബുവിനെ ചവിട്ടി പുറത്താക്കാനാകില്ല: മണിയന്‍പിള്ള രാജു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd May 2022 12:40 PM  |  

Last Updated: 02nd May 2022 01:25 PM  |   A+A-   |  

Maniyan Pillai Raju

മണിയന്‍ പിള്ള രാജു/ ഫയൽ ചിത്രം

 

കൊച്ചി: നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസിലെ പ്രതിയായ നടന്‍ വിജയ് ബാബുവിനെ താര സംഘടനയായ അമ്മയില്‍ നിന്ന് ചവിട്ടി പുറത്താക്കാനാകില്ലെന്ന് വൈസ് പ്രസിഡന്റ് മണിയന്‍പിള്ള രാജു. അന്ന് നടന്‍ ദിലീപിനെ പുറത്താക്കിയത് പെട്ടെന്നുള്ള തീരുമാനപ്രകാരമായിരുന്നു. കമ്മിറ്റി അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും മണിയന്‍പിള്ള രാജു പറഞ്ഞു.

വിജയ് ബാബു വിഷയത്തില്‍ സംഘടനയിലെ അംഗങ്ങളെ കേള്‍ക്കേണ്ടതുണ്ട്. മാലാ പാര്‍വതി ഇന്റേണല്‍ കമ്മിറ്റിയില്‍ നിന്ന് രാജിവച്ചു. അവര്‍ക്ക് എന്തും ആകാലോ, അത് അവരുടെ ഇഷ്ടമല്ലേ. ഐസിസി അംഗങ്ങളില്‍ ബാക്കിയുള്ളവര്‍ അമ്മയ്‌ക്കൊപ്പമാണ്. സ്ത്രീകള്‍ക്ക് അവരുടേതായ സംഘടന ഉണ്ടല്ലോയെന്നും മണിയന്‍പിള്ള രാജു ചോദിച്ചു.

'വിജയ് ബാബുവിനെതിരെ നടപടിയെടുക്കണമെന്ന് അമ്മയുടെ ആഭ്യന്തര പരാതി കമ്മിറ്റി എക്‌സിക്യൂട്ടിവ് കമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പക്ഷേ സംഘടനയിലുള്ളയാളെ സംരക്ഷിക്കേണ്ടതും ആവശ്യമാണ്. നിങ്ങളെ സസ്‌പെന്‍ഡ് ചെയ്യാന്‍ പോകുകയാണ് എന്താണ് പറയാനുള്ളതെന്ന് ചോദിച്ചു. അമ്മയ്ക്ക് ചീത്തപ്പേര് ഉണ്ടാക്കില്ല. തല്‍ക്കാലം എക്‌സിക്യൂട്ടിവ് കമ്മിറ്റിയില്‍ നിന്നും മാറിനില്‍ക്കാം. നിരപരാധിത്വം തെളിയിച്ച ശേഷം തിരിച്ചെത്തുമെന്നും വിജയ് ബാബു പറഞ്ഞു. ഉടന്‍ തന്നെ കമ്മറ്റിയിലുള്ളവരുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുകയും എല്ലാവരുടെയും സമ്മതത്തോടെ വിജയ് ബാബുവിന്റെ കത്ത് അംഗീകരിക്കുകയുമായിരുന്നു.'

'ഒരാള്‍ കുറ്റം ചെയ്‌തെന്ന് കരുതി അയാളെ പെട്ടെന്ന് സംഘടനയില്‍ നിന്ന് എടുത്തുമാറ്റാന്‍ പറ്റില്ല. അയാളുടെ വിശദീകരണം കേള്‍ക്കണം. മൂന്ന് ഹിയറിങ്ങുകള്‍ക്ക് വരണം. ഇതെല്ലാം കഴിഞ്ഞ ശേഷമേ മാറ്റാനാകൂ. ഞങ്ങള്‍ക്കൊപ്പം വക്കീല്‍മാര്‍ ഉണ്ടായിരുന്നു. അവരോടും ചോദിച്ചശേഷമാണ് തീരുമാനം.'

'ദിലീപിനെ പുറത്താക്കിയത് പെട്ടെന്നുള്ള തീരുമാനമാണ്. ഇങ്ങനെയൊരു സന്ദര്‍ഭത്തില്‍ ഇതുപോലെ ചര്‍ച്ചകളും മറ്റും വേണമെന്നുള്ളതിന് മുന്‍പ് തന്നെ അദ്ദേഹത്തെ പുറത്താക്കി. അന്ന് ആ കമ്മിറ്റി അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു.'- മണിയന്‍പിള്ള രാജു പറഞ്ഞു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ

'ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജിവയ്ക്കും എന്നു പറഞ്ഞു';സമൂഹത്തിന് നല്‍കുന്ന സന്ദേശം ശരിയായതല്ല;'അമ്മ' എക്‌സിക്യൂട്ടീവിന് എതിരെ മാലാ പാര്‍വതി 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ