ബിസിനസ് ടൂറിലാണെന്ന് വിജയ് ബാബു; 19ന് അന്വേഷണസംഘത്തിന് മുന്നില്‍ എത്താം; സാവകാശം നല്‍കാനാവില്ലെന്ന് പൊലീസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd May 2022 04:27 PM  |  

Last Updated: 03rd May 2022 08:43 AM  |   A+A-   |  

VIJAY BABU

വിജയ് ബാബു: ചിത്രം/ ഫെയ്‌സ്ബുക്ക്

 

കൊച്ചി: നടിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ വിജയ് ബാബു താന്‍ ബിസിനസ് ടൂറിലാണെന്ന് പൊലീസിനോട്. പൊലീസ് നല്‍കിയ നോട്ടീസിന് ഇമെയില്‍ വഴിയാണ് വിജയ് ബാബു ഹാജരാകുന്നതിന് സാവാകാശം തേടിയത്. താന്‍ എവിടെയാണെന്ന് വ്യക്തമാക്കാതെയാണ് വിജയ്ബാബുവിന്റെ മറുപടി. എന്നാല്‍ ഹാജരാകുന്നതിന് സാവാകാശം നല്‍കാനാവില്ലെന്നാണ് പൊലീസ് മറുപടി നല്‍കി

വിജയ് ബാബു ദുബായിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മെയ് 19ന് നാട്ടില്‍ തിരിച്ചെത്തുമെന്നും അപ്പോള്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകുമെന്നാണ് വിജയ് ബാബു പൊലീസിനെ അറിയിച്ചത്. എന്നാല്‍ താന്‍ എവിടെയാണെന്നുള്ള കാര്യത്തില്‍ വിജയ് ബാബു കൃത്യമായി മറുപടി നല്‍കിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

വിജയ്ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി വേനലവധിക്ക് ശേഷമാണ് പരിഗണിക്കുക. മെയ് 18നാണ് വേനലവധിക്ക് ശേഷം ഹൈക്കോടതി തുറക്കുന്നത്. ഈ സാഹചര്യത്തിലാണ് 19ന് പൊലീസിന് മുന്നില്‍ ഹാജരാകാമെന്നുള്ള നിര്‍ദ്ദേശം അറിയിച്ചത്. എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്ന് പൊലീസ് മറുപടി നല്‍കി. ബലാത്സംഗക്കേസില്‍ ഹാജരാകുന്നതില്‍ ഒരു തരത്തിലും സാവാകാശം നല്‍കാനാവില്ല. അടിയന്തിരമായി ഈ കേസിന്റെ അന്വേഷണ ചുമതലുയള്ള എറണാകുളം സൗത്ത് സിഐക്ക് മുന്നില്‍ ഹാജരാകണമെന്ന് പൊലീസ് മറുപടി നല്‍കി. 

അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായിട്ടില്ലെങ്കില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തി വിജയ്ബാബുവിനെ നാട്ടിലെത്തിക്കുക എന്നതാണ് പൊലീസ് ഉദ്ദേശിക്കുന്നത്. അതിനായി ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട ്‌കൊണ്ട് നീക്കങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. 24ാം തീയതിയാണ് ബംഗളൂരുവില്‍ വച്ച് വിജയ്ബാബു ദുബായിലേക്ക് കടന്നത്.