പകല്‍ സമയങ്ങളില്‍ ആക്രി പെറുക്കല്‍; സിസി ടിവി ഇല്ലാത്ത വീടുകള്‍ നോക്കിവെക്കും; രാത്രി മോഷണം; നാലു യുവതികള്‍ പിടിയില്‍;

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd May 2022 02:59 PM  |  

Last Updated: 03rd May 2022 02:59 PM  |   A+A-   |  

Theft in Kochi; Women arrested

പ്രതീകാത്മക ചിത്രം

 

കൊച്ചി: പകല്‍ സമയങ്ങളില്‍ ആക്രി സാധനങ്ങള്‍ പെറുക്കുവാനായി നഗരത്തില്‍ കറങ്ങുകയും രാത്രികളില്‍ വീടുകളില്‍ മോഷണം നടത്തുകയും ചെയ്യുന്ന ഒരു കൂട്ടം നാടോടികളായ യുവതികള്‍ അറസ്റ്റില്‍. 20വയസ്സിനടുത്തുള്ള നാല് സ്ത്രീകളാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ വയനാട്, കോഴിക്കോട് സ്വദേശികളാണ്.

എറണാകുളം നഗരത്തിലെ ഒരുവീട്ടില്‍ നിന്ന് 25 ലക്ഷം രൂപ വരുന്ന വസ്തുക്കളാണ് പ്രതികള്‍ മോഷ്ടിച്ചത്. തിരക്കേറിയ ഭാഗത്താണ് വീട്് ഉള്ളതെങ്കിലും സിസി ടിവി ക്യാമറകള്‍ ഇല്ലാത്തതാണ് ഈ വീട് ലക്ഷ്യമിടാന്‍ മോഷ്ടാക്കളെ പ്രേരിപ്പിച്ചത്. 25 ലക്ഷം രൂപയും ആഡംബര വാച്ചും വിദേശകറന്‍സികളുമാണ് ഇവര്‍ കവര്‍ന്നത്. മോഷണം നടന്ന വീട്ടില്‍ സിസിടിവി ക്യാമറകള്‍ ഇല്ലാതിരുന്നത് അന്വേഷണത്തെ  സാരമായി ബാധിച്ചു. പിന്നീട് അന്വേഷണ സംഘം ആ വീടിന്റെ പരിസരത്തുള്ള  ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് നാടോടികളെ കുറിച്ച് വിവരം ലഭിച്ചത്.

പ്രതികളെ ചോദ്യം ചെയ്തതില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. രാവിലെ മുതല്‍ വൈകിട്ട് വരെ കുട്ടികളുമായി  ആക്രി സാധനങ്ങള്‍  ശേഖരിക്കുവാന്‍ എന്ന വ്യാജേന കറങ്ങി നടന്ന് ആളില്ലാത്ത  വീടുകള്‍  നോക്കി വെച്ച്  മോഷണം നടത്തുകയാണ് ഇവര്‍ ചെയ്യുന്നതെന്ന് പൊലീസ് പറഞ്ഞു. ചില വീടുകളില്‍ രാത്രി സമയങ്ങളില്‍  ഇവരോടൊപ്പമുള്ള  പുരുഷന്മാരാണ് മോഷണത്തിന് കയറുന്നത്. ആ സമയം  ആരെങ്കിലും  വീട്ടിനുള്ളില്‍ ഉണ്ടെങ്കില്‍ ആക്രമിക്കാനും മടിക്കില്ല. സിസിടിവി ക്യാമറ ഉള്ള  വീടുകളെ  പൂര്‍ണ്ണമായും  ഒഴിവാക്കുകയാണ്. ആരുമില്ലാത്ത പൂട്ടിക്കിടക്കുന്ന വീടാണെന്ന് മനസ്സിലാക്കാന്‍ എന്തെങ്കിലും അടയാളം ചെയ്ത് വയ്ക്കും. പിന്നീട് വന്ന് മോഷണം നടത്തുകയാണ് പതിവെന്നും പൊലീസ് പറഞ്ഞു. 

സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍  വിജയശങ്കറിന്റെ നേതൃത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

ബിയര്‍ കുപ്പി കൊണ്ട് വീട്ടമ്മയെ കുത്തിക്കൊന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ