'ഉറപ്പാണ് പേമെന്റ് സീറ്റ്; അപ്പൊ ചാമ്പിക്കൊ ചുവരെഴുത്ത്'; ട്രോളി സിദ്ദീഖ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th May 2022 07:25 PM  |  

Last Updated: 05th May 2022 07:26 PM  |   A+A-   |  

dr

എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോസഫ്‌

 

കൊച്ചി:  ഏറെ വൈകാതെ എല്‍ഡിഎഫും തൃക്കാക്കരയില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെ ഉപതെരഞ്ഞടുപ്പ് ചിത്രവും വ്യക്തമാകുകയാണ്. ഇതിന് പിന്നാലെ വാക്‌പോരുമായി ഇരുകൂട്ടരും സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്. 

യുഡിഎഫ് സ്ഥാനാര്‍ഥിയുടെ രാഷ്ട്രീയ പാരമ്പര്യം ഇതുവരെ തിരക്കിയ എല്‍ഡിഎഫുകാര്‍ അവരുടെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തോടെ മൗനം പാലിക്കുന്നു എന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍. ടി. സിദ്ദിഖ്, റോജി എം. ജോണ്‍ അടക്കമുള്ള നേതാക്കള്‍ പരിഹാസവുമായി രംഗത്തെത്തി.  'സചിനും ധോണിയും കൊഹ്ലിയുമൊന്നും ഇറങ്ങാന്‍ ധൈര്യം കാണിക്കാത്തതിനാല്‍ വാലറ്റത്തെ പത്താം നമ്പര്‍ ബാറ്ററില്‍ നിന്ന് സെഞ്ച്വറി പ്രതീക്ഷിക്കുന്ന എല്‍ ഡി എഫിനു അഭിവാദ്യങ്ങള്‍..ഉറപ്പാണ് പേമെന്റ് സീറ്റ്... ഉറപ്പാണ് തോല്‍വി... അപ്പൊ ചാമ്പിക്കൊ ചുവരെഴുത്ത്..' സിദ്ദിഖ് കുറിച്ചു.

ലിസി ആശുപത്രിയിലെ ഹൃദ് രോഗവിദഗ്ധനാണ് ഡോ. ജോസഫ്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തിലാണ് ജോസഫ് ജനവിധി തേടുക. 

ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ഥിയാകാന്‍ കഴിഞ്ഞത് ഭാഗ്യമെന്ന് തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫ് പറഞ്ഞു. ചരിത്രത്തിലാദ്യമായമാണ് സംസ്ഥാനത്ത് ഇടതുമുന്നണിക്ക് തുടര്‍ഭരണം ഉണ്ടായത്. അതിന് ഒറ്റക്കാരണം പിണറായി സര്‍ക്കാരിന്റെ വികസനവും കരുതലുമായിരുന്നു. ആ തരംഗത്തിനൊപ്പം നില്‍ക്കാന്‍ തൃക്കാക്കരയ്ക്ക് കഴിയാത്തതില്‍ ഓരോ തൃക്കാക്കരക്കാരനും വിഷമമമുണ്ടായിരുന്നു. അതിന് കിട്ടിയ ഒരവസരമായി ഇതിനെ കാണുന്നു. ഹൃദ് രോഗവിദഗ്ധനായ ഞാന്‍ എന്നും ഇടതുപക്ഷത്തായിരുന്നു. ഇടതുപക്ഷമാണ് ഹൃദയപക്ഷം. മനുഷ്യന്റെ ഏത് വേദനകള്‍ക്കും ഒപ്പം നില്‍ക്കുന്ന പക്ഷമാണ് ഇടതുപക്ഷം. സ്ഥാനാര്‍ഥിയായത് തന്റെ ഭാഗ്യമായി കാണുന്നുവെന്നും ജോ ജോസഫ് പറഞ്ഞു.

തൃക്കാക്കരയില്‍ നൂറ് ശതമാനം വിജയപ്രതീക്ഷയുണ്ട്. ഇടതുപക്ഷം വിചാരിച്ചാല്‍ ജയിക്കാന്‍ പറ്റുന്ന മണ്ഡലമാണ് കേരളത്തിലെ ഏത് മണ്ഡലവും. തൃക്കാക്കരയിലും അതിന് സാധിക്കും. കോന്നി, വട്ടിയൂര്‍ക്കാവ്, പാലാ എന്നീ മണ്ഡലങ്ങള്‍ ചില ഉദാഹരണങ്ങളാണ്. പാലായ്ക്ക് മാറി ചിന്തിക്കാന്‍ കഴിഞ്ഞെങ്കില്‍ തൃക്കാക്കരയ്ക്കും കഴിയുമെന്ന് ജോ ജോസഫ് പറഞ്ഞു.

 

ഈ വാര്‍ത്ത കൂടി വായിക്കാം

തൃക്കാക്കര: ഡോ. ജോ ജോസഫ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ