ഡോ. ജോ ജോസഫ് തിങ്കളാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും; 12 ന് കണ്‍വെന്‍ഷന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th May 2022 08:21 AM  |  

Last Updated: 06th May 2022 08:33 AM  |   A+A-   |  

jo_joseph

ഡോ. ജോ ജോസഫ് / ഫെയ്‌സ്ബുക്ക്

 

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ് തിങ്കളാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തിലാണ് ജോ ജോസഫ് മത്സരിക്കുന്നത്. 12ന് ( വ്യാഴാഴ്ച) എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 13,14 തീയതികളിൽ ലോക്കൽ കൺവെൻഷനുകൾ നടക്കും. 

ഹൃദ്‌രോഗചികിത്സകന്‍, സാമൂഹ്യപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ അംഗീകാരം നേടിയ ആളാണ് ഡോ. ജോ ജോസഫ്. ജനങ്ങള്‍ക്ക് ഏറെ പ്രിയങ്കരനായ ഡോക്ടര്‍ എന്നനിലയില്‍ അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വം എല്‍ഡിഎഫിന് വലിയ നേട്ടമാകും. മുത്തുപോലൊരു സ്ഥാനാർത്ഥി.  ഇങ്ങനെയൊരു സ്ഥാനാര്‍ത്ഥിയെ ലഭിച്ചത് തൃക്കാക്കരയിലെ ജനങ്ങളുടെ മഹാഭാഗ്യമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു.

ഡോ. ജോ ജോസഫ് വോട്ടുതേടുന്നു

താന്‍ സഭയുടെ സ്ഥാനാര്‍ഥിയല്ലെന്നും സിപിഎമ്മിന്റെ മെഡിക്കല്‍ ഫ്രാക്ഷന്‍ അംഗമാണെന്നും ഇടതുസ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ് പറഞ്ഞു.  സമുദായത്തിന്റെ നോമിനിയാണെന്നുപറയുന്നത് വെറും ആരോപണം മാത്രമാണ്. സ്ഥാനാര്‍ത്ഥിത്വത്തില്‍ സഭ ഇടപെട്ടിട്ടില്ലെന്ന് നൂറുശതമാനവും ഉറപ്പിച്ചുപറയാം. സഭയുടെ സ്ഥാപനത്തില്‍ പത്തുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന ആള്‍ മാത്രമാണ് താന്‍. അതുകൊണ്ട് സഭാസ്ഥാനാര്‍ത്ഥിയെന്ന് പറയാന്‍ പറ്റില്ലെന്നും ഡോ. ജോ ജോസഫ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം

തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥി ആര്?; ബിജെപി കോര്‍ കമ്മിറ്റി യോഗം ഇന്ന്

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ