റിഫയുടെ മരണത്തിനു പിന്നിലെന്ത്? മൃതദേഹം ഇന്ന് പുറത്തെടുക്കും, പോസ്റ്റുമോർട്ടം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th May 2022 07:08 AM  |  

Last Updated: 07th May 2022 07:09 AM  |   A+A-   |  

rifa_mehnu

റിഫ മെഹ്‌നു

 

കോഴിക്കോട്: ദുബായിൽ മരിച്ച മലയാളി വ്ളോ​ഗർ റിഫ മെഹുവിന്റെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തും. റിഫ മരിച്ച് രണ്ട് മാസത്തിനു ശേഷമാണ് മൃതദേഹം പുറത്തെടുക്കുന്നത്. പുറത്തെടുക്കുന്ന മൃതദേഹം തഹസിൽദാർ ഇൻക്വസ്റ്റ് നടത്തും. തുടർന്ന് ഫൊറൻസിക് സംഘം ശാസ്ത്രീയ പരിശോധന നടത്തും. സാംപിളുകൾ ശേഖരിക്കും.  കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പോസ്റ്റുമോർട്ടം നടത്തുക. 

മാർച്ച് ഒന്നിന് പുലർച്ചെ ദുബായ് ജാഫിലിയയിലെ താമസ സ്ഥലത്താണ് റിഫയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. നാട്ടിലെത്തിച്ച മൃതദേഹം മൂന്നിന് രാവിലെ കബറടക്കുകയായിരുന്നു. റിഫയുടെ മരണത്തിലെ ദുരൂഹത നീക്കാൻ നടപടി ആവശ്യപ്പെട്ട് ബന്ധുക്കൾ രം​ഗത്തെത്തിയിരുന്നു. തുടർന്ന് അന്വേഷണം ആരംഭിച്ച പൊലീസ് ഭർത്താവ് മെഹ്നാസിന് എതിരെ കേസെടുത്തിരുന്നു. 

ദുബായിൽ നടത്തിയ ഫൊറൻസിക് പരിശോധന പോസ്റ്റ്മോർട്ടമാണെന്ന് തെറ്റിദ്ധരിപ്പിച്ചതായി കുടുംബം പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കുടുംബത്തിന്റെ ആവശ്യം കൂടി പരിഗണിച്ചു മൃതദേഹം പുറത്തെടുത്തു പോസ്റ്റ്മോർട്ടം നടത്താൻ പൊലീസ് തീരുമാനിച്ചത്. റിഫയുടെ വീടിന് സമീപത്തെ പള്ളി കബറിസ്ഥാനിലാണ്  മൃതദേഹം സംസ്കരിച്ചിരുന്നത്. പോസ്റ്റുമോർട്ടത്തിലെ കണ്ടെത്തല്‍ കേസന്വേഷണത്തില്‍ നിർണായകമാണ്. 

റിഫയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയ അന്വേഷണ സംഘം കഴിഞ്ഞ ദിവസം മെഹനാസിന്‍റെ രണ്ട് സുഹൃത്തുക്കളെ ചോദ്യം ചെയ്തിരുന്നു. റിഫയ്ക്ക് അവിഹിത ബന്ധമുള്ളതായി ആരോപിച്ച് മെഹ്നാസ് മർദ്ദിച്ചെന്നും പീഡനം സഹിക്കാനാവാതെയാണ് റിഫയുടെ ആത്മഹത്യയെന്നും ബന്ധുക്കൾ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെ ഭർത്താവ് മെഹനാസിനെതിരെ പൊലീസ് കെസെടുത്തു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കാം

സൈക്കിളോടിച്ചതിന് ആദിവാസി ബാലന് മർദ്ദനം, തള്ളി താഴെയിട്ട് റോഡിലൂടെ വലിച്ചിഴച്ചു; കേസെടുത്തു

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ