'വാ തുറന്നാൽ വിഷം തുപ്പുന്ന പിസി ജോർജിനെ, കെട്ടിപ്പിടിച്ച് ഉമ്മ വച്ചു വരുന്ന ആളെയാണ് സിപിഎം സ്ഥാനാർത്ഥിയാക്കുന്നത്'

ഏതെങ്കിലും ഒരു സമയത്ത് ഏതെങ്കിലും ഒരു യുഡിഎഫ് നേതാവ് സഭയുടെ സ്ഥാനാർത്ഥിയെയാണ് എൽഡിഎഫ് കെട്ടിയിറക്കിയത് എന്ന് പറഞ്ഞോ?
വി ഡി സതീശന്‍ / ഫയല്‍ ചിത്രം
വി ഡി സതീശന്‍ / ഫയല്‍ ചിത്രം

കൊച്ചി: തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫ് സഭയുടെ സ്ഥാനാർത്ഥിയാണെന്ന് താനുൾപ്പെടെ ഒരു യുഡിഎഫ് നേതാവും പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സഭയുടെ പേര് വലിച്ചിഴച്ചത് സിപിഎം ആണെന്നും അദ്ദേഹം ആരോപിച്ചു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'ജോ ജോസഫ് സഭയുടെ സ്ഥാനാർത്ഥിയാണെന്ന് ഞങ്ങൾ ഒരു സ്ഥലത്തും പറഞ്ഞിട്ടില്ല. ഏതെങ്കിലും ഒരു സമയത്ത് ഏതെങ്കിലും ഒരു യുഡിഎഫ് നേതാവ് സഭയുടെ സ്ഥാനാർത്ഥിയെയാണ് എൽഡിഎഫ് കെട്ടിയിറക്കിയത് എന്ന് പറഞ്ഞോ? മാധ്യമ പ്രവർത്തകരാണ് ആദ്യം സ്ഥാനാർത്ഥിയോട് ചോദിക്കുന്നത്. അപ്പോൾ സ്ഥാനാർത്ഥി തന്നെയാണ് പറഞ്ഞത് താൻ സഭയുടെ സ്ഥാനാർത്ഥിയല്ലെന്ന്.' 

'സിപിഎം നേതാക്കൾ ഇപ്പോൾ വീണിടത്ത് കിടന്ന് ഉരുളുകയാണ്. എറണാകുളം ജില്ലാ സെക്രട്ടറിയും ഈ ജില്ലയിൽ നിന്നുള്ള മന്ത്രിയും തമ്മിലുള്ള തർക്കമാണ് ഈ അവസ്ഥയിൽ സിപിഎമ്മിനെ എത്തിച്ചത്. അവർ ഒരു സ്ഥാനാർത്ഥിയെ നിശ്ചയിച്ചു. ആ സ്ഥാനാർത്ഥിയെ സംബന്ധിച്ച് സിപിഎം സൈബറിടങ്ങളിൽ പ്രചാരണം ചെയ്തു. പോസ്റ്ററടിച്ചു കൊടുത്തു. അതിനു ശേഷം മതിലെഴുതി. പിന്നീട് അവർ തമ്മിലുള്ള തർക്കത്തിന്റെ ഭാ​ഗമായി സിപിഎം ജില്ലാ കമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ച സ്ഥാനാർത്ഥിയെ എടുക്കാനുള്ള തീരുമാനം മരവിപ്പിച്ചു വേറെയൊരു സ്ഥാനാർത്ഥിയെ കൊണ്ടു വന്നു.'

'ഈയൊരു സ്ഥാനാർത്ഥിയുമായുള്ള ചർച്ച മന്ത്രി നേരത്തെ നടത്തിയിട്ടുണ്ട്. ഒരു ഘട്ടത്തിൽ പാർട്ടി ജില്ലാ സെക്രട്ടറി ഒരു സ്ഥാനാർത്ഥിയെ കൊണ്ടുവരാൻ ശ്രമിക്കുന്നു. മന്ത്രി പുറത്തുനിന്ന് മറ്റൊരു സ്ഥാനാർത്ഥിയെ കൊണ്ടുവരാൻ ശ്രമിക്കുന്നു. ഈ രണ്ട് സ്ഥാനാർത്ഥികളെ കൊണ്ടു വന്നതിലുള്ള തർക്കം ഞങ്ങളുടെ തലയിൽ കെട്ടിവയ്ക്കണ്ട.' 

'സഭയെ ഇക്കാര്യത്തിലേക്ക് വലിച്ചിഴച്ചത് ആരാണ്. സഭയുടെ ഒരു സ്ഥാപനത്തെ സഭയുടെ സ്ഥാനാർത്ഥിയാണെന്ന് വരുത്തി തീർക്കാൻ വേണ്ടി ​ദുരുപയോ​ഗം ചെയ്തത് ആരാണ്. സിപിഎമ്മാണ്. സഭയുടെ സ്ഥാപനത്തെ, അതിന്റെ പശ്ചാത്തലത്തിൽ സഭയുടെ ചിഹ്നമുള്ള ബാക്ക് ഡ്രോബിന്റെ മുന്നിൽ സ്ഥാനാർത്ഥിയെ നിർത്തി പത്രസമ്മേളനം നടത്തിയത് ആരാ. എന്തിനു വേണ്ടിയിട്ടാണ് അവിടെ നടത്തിയത്. സിപിഎമ്മിന്റെ ചരിത്രത്തിൽ എവിടെയെങ്കിലും അവരുടെ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിലും സംസ്ഥാന കമ്മിറ്റി ഓഫീസിലും അല്ലാതെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടുണ്ടോ. വൈദികനായ ഡയറക്ടറേയും കൂടെയിരുത്തി പത്രസമ്മേളനം നടത്തിയ മന്ത്രിയാണ് സഭയെ ഇതിനകത്തേക്ക് വലിച്ചിഴച്ചത്. ഞങ്ങളല്ല.' 

'മന്ത്രി പി രാജീവാണ് മനപ്പൂർവം ഈ സ്ഥാനാർത്ഥി സഭയുടെ സ്ഥാനാർത്ഥിയാണെന്ന് വരുത്തിതീർക്കാൻ സഭയുടെ പ്ലാറ്റ്ഫോമിനെ ദുരുപയോ​ഗം ചെയ്തത്. അപ്പോഴാണ് സഭയിലെ ഒരു വിഭാ​ഗം അതിനെതിരായി നിലപാടെടുക്കുകയും ഇത് സഭയുടെ സ്ഥാനാർത്ഥിയല്ലെന്ന നിലപാടിലേക്ക് വന്നത്. ഞങ്ങൾ അതിലൊന്നും കക്ഷിപിടിച്ചിട്ടില്ല.'

'ഈ സ്ഥാനാർത്ഥിയെ നിർത്താൻ ബാ​ഹ്യമായ സമ്മർദ്ദമുണ്ടെന്നാണ് ഞങ്ങൾ പറഞ്ഞത്. സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം പിസി ജോർജ് പറഞ്ഞു ഈ സ്ഥാനാർത്ഥി എന്റെ സ്വന്തം പയ്യനാണ്. എന്നെ കണ്ട് കെട്ടിപ്പിടിച്ച് ഉമ്മ വച്ചിട്ടാണ് എറണാകുളത്തേക്ക് പോയത് സ്ഥാനാർത്ഥിയാകാൻ. വാ തുറന്നാൽ വിഷം മാത്രം വമിയ്ക്കുന്ന, തുപ്പുന്ന പിസി ജോർജിനെ കെട്ടിപ്പിടിച്ച് ഉമ്മ വച്ച് വരുന്ന ആളെയാണ് സിപിഎം സ്ഥാനാർത്ഥിയാക്കുന്നത്. അതാണ് ഞങ്ങളുടെ ചോ​ദ്യം.' 

'പിണറായി വിജയൻ ഇല്ലെങ്കിൽ കേരളത്തിലെ സിപിഎം വലിയ പൂജ്യമാണെന്ന് മനസിലായി. എന്തൊക്കെയാണ് ഇവർ ഇവിടെ കാട്ടിക്കൂട്ടുന്നത്. നേതൃത്വപരമായ ഒരു കഴിവുകളും കാണിക്കാതെ ഇവർ പ്രീണനം കൊണ്ടു നടക്കുകയാണ്. അവർ തന്നെ വഷളായി. അവർ വെളുക്കാൻ തേച്ചത് അവർക്ക് തന്നെ പാണ്ടായി മാറിയതിന് ഞങ്ങളെ പറഞ്ഞിട്ടെന്താണ് കാര്യം'- വിഡി സതീശൻ ചോദിച്ചു.  

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com