'എന്തോ ധരിച്ചു നടക്കുന്ന ചിലര്‍ എന്തൊക്കെയോ വിളിച്ചു പറയുന്നു  '; വിമർശനങ്ങൾക്ക് ഇ പി ജയരാജന്റെ മറുപടി

ഡോക്ടറെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാക്കിയതോടെ യുഡിഎഫ് ഞെട്ടിപ്പോയി. അവര്‍ വല്ലാത്ത ഭയപ്പാടിലും അങ്കലാപ്പിലുമാണ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: ഇടതു സ്ഥാനാര്‍ത്ഥിയെ സഭാസ്ഥാപനത്തില്‍ വെച്ച് അവതരിപ്പിച്ചത് ശരിയായില്ലെന്ന വിമര്‍ശനത്തിന് മറുപടിയുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ആശുപത്രിയില്‍ മാധ്യമങ്ങള്‍ കാണാനെത്തിയതുകൊണ്ടാണ് ഡോ. ജോ ജോസഫ് അവിടെ വാര്‍ത്താ സമ്മേളനം നടത്തിയത്. സാധാരണ സിപിഎമ്മുകാര്‍ താമസിക്കുന്ന സ്ഥലത്തോ പ്രസ് ക്ലബുകളിലോ ആണ് വാര്‍ത്താസമ്മേളനം നടത്താറുള്ളത്. 

ഇടതു സ്ഥാനാര്‍ത്ഥി പ്രഗത്ഭനായ ഹൃദ്രോഗ വിദഗ്ധനാണ്. എല്‍ഡിഎഫ് ഡോക്ടറെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചപ്പോള്‍, അദ്ദേഹം ശസ്ത്രക്രിയ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. സ്ഥാനാര്‍ത്ഥിയായ വിവരം അറിയിക്കാനായി ഇടതുമുന്നണി നേതാക്കള്‍ ആശുപത്രിയിലേക്ക് പോയി. അദ്ദേഹത്തെ കണ്ടു വിവരം അറിയിച്ചു. രോഗിയായ ആളാണ് സ്ഥാനാര്‍ത്ഥിയെങ്കിലും അവിടെ പോകില്ലേ എന്ന് ജയരാജന്‍ ചോദിച്ചു. 

രാഷ്ട്രീയം പറയാനില്ലാത്തവരും, എന്തോ ധരിച്ചു നടക്കുന്ന ചില കൂട്ടരും അവര്‍ക്ക് ഒന്നും പറയാനില്ലാത്തതുകൊണ്ട്  എന്തൊക്കെയോ വിളിച്ചു പറഞ്ഞു നടക്കുന്നുവെന്ന് കരുതിയാല്‍ മതിയെന്ന് ഫാദർ പോൾ തേലക്കാട്ട് അടക്കമുള്ള വൈദികരുടെ  വിമർശനങ്ങൾക്ക് മറുപടിയായി ഇ പി ജയരാജന്‍ പറഞ്ഞു. സിപിഎം സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചത് ബാഹ്യസമ്മര്‍ദ്ദത്തെത്തുടര്‍ന്നാണെന്ന കോണ്‍ഗ്രസിന്റെ ആരോപണവും ഇ പി ജയരാജന്‍ തള്ളി. സിപിഎം സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് ഇടപെടുന്നത് എന്തുകൊണ്ടാണെന്ന് ജയരാജന്‍ ചോദിച്ചു. 

ചിലപ്പോള്‍ യുഡിഎഫിന് അവരുടെ സ്ഥാനാര്‍ത്ഥിയുമായി ബന്ധപ്പെട്ട് സമ്മര്‍ദ്ദങ്ങളുണ്ടായിട്ടുണ്ടാകും. അത് സങ്കീര്‍ണമായ പ്രശ്‌നത്തില്‍ അവരെ കൊണ്ടുചെന്ന് എത്തിച്ചിട്ടുണ്ടാകും. അത് അവരുടെ കാര്യമാണ്. സിപിഎമ്മിനും എല്‍ഡിഎഫിനും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ഒരു കീഴ് വഴക്കമുണ്ട്. ഞങ്ങളുടെ ഒരു പാര്‍ട്ടി മെമ്പറെപ്പോലും സ്ഥാനാര്‍ത്ഥിയാക്കാന്‍ പറ്റില്ലേ. അതിനും കോണ്‍ഗ്രസുകാരോടും വിഡി സതീശനോടും പോയി ചോദിക്കണോയെന്ന് ജയരാജന്‍ പറഞ്ഞു. 

ഡോക്ടറെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാക്കിയതോടെ യുഡിഎഫ് വല്ലാത്ത ഭയപ്പാടിലും അങ്കലാപ്പിലുമാണ്. അവര്‍ ഞെട്ടിപ്പോയി. ആ ഞെട്ടലില്‍ നിന്നും മുക്തി നേടാനായി അടിസ്ഥാന രഹിതമായ എന്തെല്ലാമോ വിളിച്ചു പറയുകയാണ്. അതിനൊന്നും മറുപടി അര്‍ഹിക്കുന്നില്ലെന്ന് ജയരാജന്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com