സമ്പന്നരായ പ്രവാസികളെ സ്വാധീനിക്കാൻ യുവതികളെ ദുരുപയോ​ഗിച്ചതിന് തെളിവ്, വിജയ് ബാബുവിന്റെ സാമ്പത്തിക ഇടപാടുകളിലും അന്വേഷണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th May 2022 08:38 AM  |  

Last Updated: 07th May 2022 08:38 AM  |   A+A-   |  

VIJAY BABU used young women to influence wealthy expatriates

വിജയ് ബാബു: ചിത്രം/ ഫെയ്‌സ്ബുക്ക്

 

കൊച്ചി; നടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കാൻ പൊലീസ്. സിനിമ നിർമാണക്കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസിന്റെ മറവിൽ നടത്തിയ സാമ്പത്തിക ഇടപാടുകളാണ് അന്വേഷിക്കുക. പീഡനത്തിന് ഇരയായ നടിയുടെ മൊഴികളിലും ഇത്തരം വഴിവിട്ട സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള സൂചനകളുണ്ട്. സിനിമാമോഹവുമായി എത്തുന്ന യുവതികളെ ഇയാൾ ദുരൂപയോ​ഗം ചെയ്തതിനും തെളിവുകൾ ലഭിച്ചിട്ടുണ്ട്. 

സമ്പന്നരായ പ്രവാസികളെ സ്വാധീനിച്ചു സിനിമാ നിർമാണത്തിനു പ്രേരിപ്പിക്കാനാണ് വിജയ് ബാബു യുവതികളെ ഉപയോ​ഗിച്ചിരുന്നത്. ഇതിന്റെ തെളിവുകൾ അന്വേഷണ സംഘത്തിനു ലഭിച്ചു. അതിനിടെ നടിയെ പീഡിപ്പിച്ച കേസിൽ പരാതി ഉയർന്നതോടെ പണം നൽകി കേസ് ഒതുക്കാൻ ശ്രമം നടത്തിയ മലയാളി സംരംഭകനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യും മുൻപു കൂട്ടാളിയായ സംരംഭകനെ പൊലീസ് ചോദ്യം ചെയ്യും. 

പരാതി നൽകിയ നടിയെയും പരാതി പറയാൻ ഒരുങ്ങിയ മറ്റൊരു യുവതിയെയും ബ്ലാക്മെയിൽ ചെയ്തു പിന്തിരിപ്പിക്കാനും സംരംഭകന്റെ നേതൃത്വത്തിൽ ശ്രമം നടത്തിയതിന്റെ തെളിവുകളും  ലഭിച്ചിട്ടുണ്ട്. ഈ സംരംഭകന്റെ ഫോൺ വിളികൾ പരിശോധിച്ചാണു വിജയ് ബാബുവിന്റെ ഒളിത്താവളം സംബന്ധിച്ച വിവരം പൊലീസ് കണ്ടെത്തി പ്രതിയെ അറസ്റ്റ് ചെയ്യാൻ ഇന്റർപോളിന്റെ സഹായം തേടിയത്. വിജയ് ബാബുവിനെ അറസ്റ്റ് ചെയ്ത് ഇന്ത്യയിലെത്തിക്കാനുള്ള ബ്ലൂ കോർണർ നോട്ടിസ് ഇന്റർപോൾ പുറപ്പെടുവിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്.

സിനിമയിൽ കൂടുതൽ അവസരം വാ​ഗ്ദാനം ചെയ്ത് ലൈം​ഗികമായി പിഡിപ്പിച്ചു എന്നാണ് വിജയ് ബാബുവിന് എതിരായ പരാതി. അതിനു പിന്നാലെ വിജയ് ബാബു ഫേയ്സ്ബുക്ക് ലൈവിൽ എത്തി പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയിരുന്നു. ഇതിനു വിജയ് ബാബുവിന് എതിരെ കേസെടുത്തിട്ടുണ്ട്. ദുബായിലേക്ക് കടന്നു കളഞ്ഞ വിജയ് ബാബു ഇപ്പോൾ ഒളിവിലാണ്. നടിയെ കൂടാതെ മറ്റൊരു യുവതിയും വിജയ് ബാബുവിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഇവരെ കണ്ടുപിടിക്കാൻ പൊലീസ് ശ്രമിച്ചിരുന്നെങ്കിലും കണ്ടെത്താനായില്ല. 

ഈ വാര്‍ത്ത കൂടി വായിക്കാം

അവധി ആഘോഷം ദുരന്തമായി; മലയാളി നഴ്സ് ദുബായിൽ വാഹനാപകടത്തിൽ മരിച്ചു, ഭർത്താവും മക്കളും ​ഗുരുതരാവസ്ഥയിൽ​

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ