'ഇടതു സ്ഥാനാര്‍ത്ഥിക്കായി പ്രചാരണത്തിനിറങ്ങും; കഴിയുമെങ്കില്‍ പുറത്താക്കട്ടെ'; വെല്ലുവിളിച്ച് കെ വി തോമസ്

പുറത്താക്കാന്‍ കഴിയുമെങ്കില്‍ പുറത്താക്കട്ടെ എന്നും കെ വി തോമസ് വെല്ലുവിളിച്ചു
കെ വി തോമസ് മാധ്യമങ്ങളോട് സംസാരിക്കുന്നു/ ടിവി ദൃശ്യം
കെ വി തോമസ് മാധ്യമങ്ങളോട് സംസാരിക്കുന്നു/ ടിവി ദൃശ്യം

കൊച്ചി: തൃക്കാക്കരയില്‍ ഇടതു സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് പ്രൊഫ. കെ വി തോമസ്. തൃക്കാക്കരയില്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കും. മുഖ്യമന്ത്രി പങ്കെടുക്കുന്ന നാളെ നടക്കുന്ന എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. സ്വന്തം പ്രചാരണം പോലെ ജോ ജോസഫിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും കെ വി തോമസ് പറഞ്ഞു. 

താന്‍ കോണ്‍ഗ്രസുകാരനാണ്. വളര്‍ന്നുവന്നത് കോണ്‍ഗ്രസുകാരനായിട്ടാണ്. കോണ്‍ഗ്രസുകാരനായി തന്നെ തുടരും. താന്‍ എഐസിസി അംഗമാണ്. തന്റെ പ്രാഥമികാംഗത്വം പുതുക്കി നല്‍കിയിട്ടുണ്ട്. താന്‍ ചേര്‍ത്തവരുടെ പാര്‍ട്ടി അംഗത്വവും നല്‍കിയിട്ടുണ്ട്. താന്‍ പാര്‍ട്ടി വിരുദ്ധനാണെങ്കില്‍ അംഗത്വം പുതുക്കി നല്‍കുമോ?. എഐസിസിയേക്കാള്‍ വലുതാണോ കെപിസിസി?. പുറത്താക്കാന്‍ കഴിയുമെങ്കില്‍ പുറത്താക്കട്ടെ എന്നും കെ വി തോമസ് വെല്ലുവിളിച്ചു. 

കെ കരുണാകരനും എ കെ ആന്റണിയും കോണ്‍ഗ്രസ് വിട്ടുപോയിട്ടില്ലേ എന്ന് കെ വി തോമസ് ചോദിച്ചു. എഐസിസിയേക്കാള്‍ വലുതാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വമെങ്കില്‍ തനിക്കൊന്നും പറയാനില്ല. തൃക്കാക്കര തെരഞ്ഞെടുപ്പല്ലല്ലോ കേരള രാഷ്ട്രീയത്തെ നിയന്ത്രിക്കാന്‍ പോകുന്നത് എന്നും കെ വി തോമസ് ചോദിച്ചു. തന്നെ പുറത്താക്കാന്‍ 2018 മുതല്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. തന്നെ അപമാനിച്ചു പുറത്താക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. 

കോണ്‍ഗ്രസ് തന്റെ മുന്നില്‍ ഗേറ്റ് അടച്ചിട്ടിരിക്കുകയാണ്. താന്‍ ചെറിയാന്‍ ഫിലിപ്പല്ല, ചെറിയാന് അറിയാത്ത ഒരുപാട് കാര്യങ്ങളുണ്ട്. താന്‍ കെ വി തോമസായി തന്നെ നിലനില്‍ക്കും. പുതിയ പാര്‍ട്ടി രൂപീകരിക്കാനില്ല. വികസനകാര്യത്തില്‍ കൃത്യമായ നിലപാടെടുക്കും. താന്‍ കേരളത്തിന്റെ വികസനത്തിനൊപ്പമാണ് നില്‍ക്കുന്നത്. സോണിയാഗാന്ധി നയിക്കുന്ന കോണ്‍ഗ്രസ്, കെ സുധാകരന്‍ നയിക്കുന്ന കോണ്‍ഗ്രസ് എന്നിങ്ങനെ രണ്ടു കോണ്‍ഗ്രസുണ്ടോ?. കെ റെയില്‍ അടക്കമുള്ള വികസനപ്രവര്‍ത്തനങ്ങളില്‍ പഠിച്ചിട്ടാണ് താന്‍ നിലപാട് എടുത്തത്. താന്‍ കേന്ദ്രമന്ത്രിയായിരിക്കെ മുന്‍കൈയെടുത്ത ഗെയില്‍ പദ്ധതി നടപ്പിലാക്കിയത് പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷമാണെന്നും കെ വി തോമസ് പറഞ്ഞു. 

പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയെ ഇഫ്താറിന് ക്ഷണിക്കുന്നു. മുഖ്യമന്ത്രി നടത്തിയ ഇഫ്താറില്‍ പ്രതിക്ഷനേതാവും പങ്കെടുക്കുന്നു. രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും കൈമാറുന്നു. അത്രയും സ്‌നേഹമുള്ളവര്‍ ഇത്രയും ആളുകളെ വഴിയിലിട്ട് തല്ലുകൊള്ളിക്കണോ?. ഒരു വാക്ക് അവര്‍ സംസാരിച്ചാല്‍ പോരേ. എന്താണ് സംസാരിക്കാത്തത് എന്ന് കെ വി തോമസ് ചോദിച്ചു. കോണ്‍ഗ്രസിന്റെ അകത്ത് പ്രവര്‍ത്തകരെ മോശമായി സംസാരിക്കുന്ന ചരിത്രമില്ല. എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസില്‍ കുറേ ബ്രിഗേഡുകളെ ഉണ്ടാക്കിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളും ആക്രമണത്തിന് ഇരയായിട്ടുണ്ടെന്ന് കെ വി തോമസ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com