തൊടുപുഴ: കുമാരമംഗലത്ത് മൂന്നരവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അമ്മയുടെ കാമുകനായ പ്രതിക്ക് 21 വര്‍ഷം ജയില്‍വാസം ശിക്ഷ. തിരുവനന്തപുരം കവടിയാര്‍ കടവട്ടൂര്‍ കാസിലില്‍ അരുണ്‍ ആനന്ദിനെ (36) ആണ് തൊടുപുഴ പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. കുട്ടിയുടെ മൂത്തസഹോദരനെ മര്‍ദിച്ചുകൊന്നെന്ന കേസിലും വിചാരണ നേരിടുന്ന ഇയാള്‍ നിലവില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാണ്.
വിവിധ വകുപ്പുകളിലായാണ് അരുണ്‍ ആനന്ദിന് 21 വര്‍ഷം ശിക്ഷ വിധിച്ചത്. പ്രതി പതിനഞ്ച് വര്‍ഷം ശിക്ഷ അനുഭവിച്ചാല്‍ മതിയാകും. 3, 81,000 രൂപ പിഴയും നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
2019ലായിരുന്നു സംഭവം. കുട്ടികളുടെ പിതാവിന്റെ മരണശേഷം അരുണ്‍ ആനന്ദ് ഇവരുടെ അമ്മയ്‌ക്കൊപ്പം താമസിച്ചുവരുകയായിരുന്നു. ഇതിനിടയില്‍, മാര്‍ച്ച് 28ന് മൂത്തകുട്ടിയെ തലയോട്ടി തകര്‍ന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ കേസില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്നരവയസുകാരനായ ഇളയകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായെന്നും കണ്ടെത്തിയത്.തുടര്‍ന്ന് പോക്‌സോ നിയമപ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ചെയ്തു. ഇതിനിടെ, പരിക്കേറ്റ മൂത്ത കുട്ടി ഏപ്രില്‍ ആറിന് ചികിത്സയിലിരിക്കെ മരിച്ചു.
ഇളയകുട്ടിയെ ദേഹോപദ്രവം ഏല്പിച്ചതിനും ആവര്‍ത്തിച്ചുള്ള ലൈംഗികാതിക്രമത്തിനും ബാലപീഡനത്തിനും മറ്റുമാണ് കേസെടുത്തിരുന്നത്. ഇതെല്ലാം സംശയത്തിനതീതമായി തെളിഞ്ഞതായി പോക്‌സോ കോടതി ജഡ്ജി നിക്‌സണ്‍ എം.ജോസഫ് ചൂണ്ടിക്കാട്ടി.കുട്ടിയുടെ അമ്മയും മുത്തശ്ശിയുമടക്കം 17 പ്രോസിക്യൂഷന്‍ സാക്ഷികളുടെ മൊഴി കോടതി രേഖപ്പെടുത്തിയിരുന്നു. 22 പ്രോസിക്യൂഷന്‍ രേഖകളും പരിശോധിച്ചു. കുട്ടിയെ വൈദ്യപരിശോധന നടത്തിയ ഡോക്ടറുടെ മൊഴിയും നിര്‍ണായകമായി.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
