ഇനി 12 വയസ്സുള്ള മകള്‍ മാത്രം; കുടുംബാംഗങ്ങളെപ്പോലും വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നു; അതൃപ്തി പ്രകടിപ്പിച്ച് ജഡ്ജി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th May 2022 10:47 AM  |  

Last Updated: 13th May 2022 10:47 AM  |   A+A-   |  

dileep

ദിലീപ് /ഫയല്‍ ചിത്രം

 

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തന്റെ കുടുംബാംഗങ്ങളെയെല്ലാം വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണെന്ന് വിചാരണക്കോടതി. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് കോടതി ഈ പരാമര്‍ശം നടത്തിയത്. സ്വന്തം കുടുംബാംഗങ്ങളെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നതിലുള്ള അതൃപ്തി വിചാരണക്കോടതി തുറന്ന കോടതിയില്‍ പ്രകടിപ്പിച്ചു. 

'എന്റെ പിതാവും ഭര്‍ത്താവും ചര്‍ച്ചകള്‍ക്ക് വിഷയമാകുന്നു. 12 വയസ്സു മാത്രം പ്രായമുള്ള മകള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. ഈ കസേരയുടെ അന്തസ്സും ഉത്തരവാദിത്തവും അറിഞ്ഞുകൊണ്ടുതന്നെയാണ് ഇവിടെ ഇരിക്കുന്നത്.' വാദങ്ങള്‍ക്കിടയില്‍ ഒരുഘട്ടത്തില്‍ വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസ് പ്രതികരിച്ചു. 

വിചാരണക്കോടതി സ്വാധീനത്തിനു വഴങ്ങിയെന്ന വാദം പ്രോസിക്യൂഷന് ഇല്ലെന്നും കോടതി ജീവനക്കാര്‍ സ്വാധീനിക്കപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും പ്രോസിക്യൂഷന്‍ വിശദീകരിച്ചു. കേസില്‍ പ്രതിയായ ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകല്‍ ഉണ്ടെങ്കില്‍ ഹാജരാക്കാന്‍ വിചാരണക്കോടതി നിര്‍ദേശിച്ചു. 

ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ 2020ല്‍ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച അപേക്ഷ വിചാരണക്കോടതി തള്ളിയിരുന്നു. അതേ ഹര്‍ജി വീണ്ടും വീണ്ടും സമര്‍പ്പിക്കാനുള്ള പുതിയ സാഹചര്യം എന്താണെന്ന് വ്യക്തമാക്കാന്‍ കോടതി ആവശ്യപ്പെട്ടു. നിഗമനങ്ങളുടെ അടിസ്ഥാനത്തിലല്ല, മുന്നില്‍ പരിഗണനയ്ക്ക് എത്തുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ കോടതിക്ക് തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുകയുള്ളൂവെന്നും കോടതി ചൂണ്ടിക്കാട്ടി. 

ഈ വാര്‍ത്ത കൂടി വായിക്കാം

എസ്ഡിപിഐയും പോപ്പുലര്‍ ഫ്രണ്ടും തീവ്രവാദ സംഘടനകള്‍: ഹൈക്കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ