പോര് മുറുകുന്നു; വീണാ ജോര്‍ജിന് എതിരെ എല്‍ഡിഎഫില്‍ പരാതി നല്‍കി ചിറ്റയം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th May 2022 07:51 PM  |  

Last Updated: 14th May 2022 07:51 PM  |   A+A-   |  

veena_george

വീണാ ജോര്‍ജ്, ചിറ്റയം ഗോപകുമാര്‍/ ഫെയ്‌സ്ബുക്ക്‌

 

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് എതിരെ എല്‍ഡിഎഫിനും സിപിഐ സംസ്ഥാന സെക്രട്ടറിക്കും പരാതി നല്‍കി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. മന്ത്രിക്ക് എതിരായ പരസ്യ പ്രതികരണത്തിന് എതിരെ വീണാ ജോര്‍ജ് പരാതി നല്‍കിയതിന് പിന്നാലെയാണ് ചിറ്റയവും പരാതിയുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജരയാജനെയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയും സമീപിച്ചിരിക്കുന്നത്. 

മന്ത്രിക്ക് എതിരായ പരസ്യ പ്രതികരണത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഡെപ്യൂട്ടി സ്പീക്കര്‍ പരാതിയിലും ആരോപിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള മന്ത്രി വീണാ ജോര്‍ജ് എംഎല്‍എമാരുമായി കൂടിയാലോചിക്കുന്നില്ലെന്നും വിളിച്ചാല്‍ ഫോണെടുക്കാറില്ലെന്നും ചിറ്റയം കുറ്റപ്പെടുത്തിയിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുപോലും ഇത്രയും അവഗണനയുണ്ടായിട്ടില്ല. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി വിളിച്ചാലും മന്ത്രി ഫോണെടുക്കാറില്ല. അതിനാല്‍ ഇപ്പോള്‍ മന്ത്രിയെ വിളിക്കാറില്ലെന്നും ചിറ്റയം ഗോപകുമാര്‍ പറഞ്ഞിരുന്നു.

സര്‍ക്കാര്‍ ചെയ്തിട്ടുള്ള നല്ല കാര്യങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതിനായാണ് ഒന്നാം വാര്‍ഷികാഘോഷം. ആഘോഷം ഭംഗിയായി നടത്തുന്നതിന് എംഎല്‍എ.മാരുമായി കൂടിയാലോചന നടത്തേണ്ടത് മന്ത്രിയുടെ ഉത്തരവാദിത്വമാണ്. ആ ഉത്തരവാദിത്വം മന്ത്രി നിര്‍വഹിച്ചല്ലെന്നും ചിറ്റയം കുറ്റപ്പെടുത്തിയിരുന്നു.

ഇതിന് പിന്നാലെ, എല്‍ഡിഎഫിനും സിപിഎമ്മിനും പരാതി നല്‍കി മന്ത്രി വീണാ ജോര്‍ജ് രംഗത്തെത്തി. ചിറ്റയം ഗോപകുമാറിന് ഗൂഢലക്ഷ്യമാണെന്നും, അസത്യങ്ങളും ആക്ഷേപങ്ങളും പ്രചരിപ്പിക്കുകയാണെന്നും മന്ത്രി വീണാ ജോര്‍ജ് പരാതിയില്‍ കുറ്റപ്പെടുത്തി.

എംഎല്‍എമാരുടെ യോഗത്തിലും എല്‍ഡിഎഫിലും പറയാത്ത കാര്യങ്ങള്‍ പരസ്യമായി പറയുന്നു. ഫോണ്‍ എടുത്തില്ലെന്ന ആരോപണം തെറ്റാണ്, ചിറ്റയത്തിന്റെ ഫോണ്‍ രേഖ പരിശോധിക്കണം. ലൈംഗികാതിക്രമ പരാതിയില്‍ ആരോഗ്യവകുപ്പ് എടുത്ത നടപടികളെ ചിറ്റയം എതിര്‍ത്തു.

ചിറ്റയം രാഷ്ട്രീയമര്യാദ പാലിച്ചില്ല. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന് ക്ഷണിക്കേണ്ട ഉത്തരവാദിത്തം ജില്ലാ ഭരണകൂടത്തിനാണ്. തനിക്ക് ഉത്തരവാദിത്തമില്ല. മുന്നണിയിലെ അനാവശ്യവിവാദങ്ങള്‍ പ്രവര്‍ത്തകരെ ബാധിക്കുമെന്നും വീണാ ജോര്‍ജ് പരാതിയില്‍ പറയുന്നു.

ഈ വാർത്ത കൂടി വായിക്കാം 'വേദിയിലേക്കു വരുമ്പോള്‍ സ്ത്രീകള്‍ക്ക് സ്വാഭാവികമായും ലജ്ജ ഉണ്ടാവുമല്ലോ'; 'പെണ്‍വിലക്കി'ല്‍ വിശദീകരണവുമായി സമസ്ത

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ