'മൂകാംബികയിലേക്ക് പോയ സ്വിഫ്റ്റ് ബസ് ഗോവയിൽ'- വിശദീകരണവുമായി കെഎസ്ആർടിസി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th May 2022 12:58 PM  |  

Last Updated: 15th May 2022 12:58 PM  |   A+A-   |  

ksrtc_swift

സ്വിഫ്റ്റ് ബസ്

 

തിരുവനന്തപുരം: മൂകാംബികയിലേക്ക് സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് വഴിതെറ്റി ഗോവയിലെത്തിയെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് കെഎസ്ആർടിസി. വിജിലന്‍സ് അന്വേഷണത്തില്‍ ഇക്കാര്യം കണ്ടെത്തിയതായി കെഎസ്ആര്‍ടിസി വ്യക്തമാക്കി. തിരുവനന്തപുരത്ത് നിന്ന് മൂകാംബികയിലെക്ക് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സര്‍വീസ് നടത്തുന്നില്ലെന്നും യാതൊരു അടിസ്ഥാനവുമില്ലാതെ സ്വിഫ്റ്റിനെതിരെ വരുന്ന വാര്‍ത്തയുടെ ഭാഗമായി ഇതിനെ കണ്ടാല്‍ മതിയെന്നും മാനേജ്‌മെന്റ് അറിയിച്ചു.

നിലവില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്റെ എയര്‍ ഡീലക്‌സ് ബസുകള്‍ എറണാകുളത്ത് നിന്നും കൊട്ടാരക്കരയില്‍ നിന്നുമാണ് കൊല്ലൂരിലേക്ക് സര്‍വീസ് നടത്തുന്നത്. വിജിലന്‍സ് ഓഫീസര്‍ നടത്തിയ അന്വേഷണത്തില്‍ മെയ് എട്ടിന് കൊട്ടരക്കരക്കയില്‍ നിന്നുള്ള സര്‍വീസിലേയും എറണാകുളത്തു നിന്നുള്ള സര്‍വീസിലേയും യാത്രക്കാരെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ ശേഖരിച്ചതിന്റെ അടിസ്ഥാനത്തില്‍ ബസ് റൂട്ട് മാറി സര്‍വീസ് നടത്തിയില്ലെന്നും യാത്ര സുഖകരമാണെന്നുമാണ് അറിയിച്ചത്. 

കൂടാതെ ആ സര്‍വീസുകളില്‍ ട്രെയിനിങ് നല്‍കുന്നതിന് ചുമതലയുണ്ടായിരുന്ന ഇന്‍സ്‌പെക്ടര്‍മാര്‍ നല്‍കിയ റിപ്പോര്‍ട്ടും ബസ് വഴിമാറി സഞ്ചരിച്ചിട്ടില്ലെന്നാണ്. ബസുകളുടെ ലോഗ് ഷീപ്പ് പരിശോധിച്ചപ്പോഴും സ്ഥിരം ഓടുന്ന ദൂരം മാത്രമേ ബസുകള്‍ സര്‍നീസ് നടത്തിയിട്ടുള്ളൂവെന്ന് കണ്ടെത്തിയതായും ബസ് ദിശമാറി സഞ്ചരിച്ചുവെന്ന യാത്രക്കാരുടെ പരാതി ലഭിച്ചിട്ടില്ലെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി. 

കെഎസ്ആര്‍ടിസി, സ്വിഫ്റ്റ് ബസുകള്‍ അന്തര്‍ സംസ്ഥാന കരാറിന്റെ അടിസ്ഥാനത്തിലാണ് കര്‍ണാടകത്തിലേക്ക് സര്‍വീസ് നടത്തുന്നത്. അത്തരം ഒരു കരാര്‍ ഗോവയുമായി കെഎസ്ആര്‍ടിസി ഏര്‍പ്പെട്ടിട്ടുമില്ല. ഗോവയിലേക്ക് സര്‍വീസ് നടത്തണമെങ്കില്‍ പ്രത്യേക പെര്‍മിറ്റ് എടുക്കണം. അഥവാ വഴിതെറ്റി ഗോവയിലേക്ക് പോയാല്‍ പോലും പെര്‍മിറ്റ് ഇല്ലാതെ ഗോവയിലേക്ക് കടത്തിവിടില്ലെന്നും മാനേജ്‌മെന്റ് വിശദീകരിച്ചു.

ഈ വാർത്ത കൂടി വായിക്കാം

കൊല്ലത്ത് മൂന്ന് വീടുകൾ തകർന്നു‌, എറണാകുളത്ത് വീടുകളിൽ വെള്ളം കയറി; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ