ചിറ്റയം-വീണാ ജോര്‍ജ് പോര് മുറുകുന്നു; മന്ത്രി പങ്കെടുത്ത സര്‍ക്കാര്‍ പരിപാടി ഡെപ്യൂട്ടി സ്പീക്കര്‍ ബഹിഷ്‌കരിച്ചു

മുന്‍കൂട്ടി നിശ്ചയിച്ച മറ്റു പരിപാടികള്‍ ഉള്ളതിനാലാണ് പങ്കെടുക്കാത്തതെന്നാണ് ഔദ്യോഗിക വിശദീകരണം
വീണാ ജോര്‍ജ്, ചിറ്റയം ഗോപകുമാര്‍/ ഫെയ്‌സ്ബുക്ക്‌
വീണാ ജോര്‍ജ്, ചിറ്റയം ഗോപകുമാര്‍/ ഫെയ്‌സ്ബുക്ക്‌

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും തമ്മിലുള്ള പോര് മുറുകുന്നു. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന, മന്ത്രി പങ്കെടുക്കുന്ന എന്റെ കേരളം ജില്ലാ തല പരിപാടിയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ പങ്കെടുത്തില്ല. സിപിഐ ജനപ്രതിനിധികളും വിട്ടുനിന്നു.

മുന്‍കൂട്ടി നിശ്ചയിച്ച മറ്റു പരിപാടികള്‍ ഉള്ളതിനാലാണ് പങ്കെടുക്കാത്തതെന്നാണ് ഔദ്യോഗിക വിശദീകരണം. ആശംസ അറിയിക്കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു. ചിറ്റയം ഗോപകുമാര്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് മാത്യു ടി തോമസ് എംഎല്‍എ ചടങ്ങില്‍ അധ്യക്ഷനായി.

പത്തനംതിട്ടയില്‍ നിന്നുള്ള ജനപ്രതിനിധികളായ വീണാ ജോര്‍ജും ചിറ്റയവും ഗോപകുമാറും തമ്മില്‍ അഭിപ്രായ ഭിന്നത തുടരുകയാണ്. ജില്ലയുടെ ചുമതലയുള്ള മന്ത്രി വീണാ ജോര്‍ജ് എംഎല്‍എമാരുമായി കൂടിയാലോചിക്കുന്നില്ലെന്നും വിളിച്ചാല്‍ ഫോണെടുക്കാറില്ലെന്നും ചിറ്റയം പരസ്യമായി കുറ്റപ്പെടുത്തിയിരുന്നു. 

ഇതിന് മറുപടിയായി ചിറ്റയം ഗോപകുമാറിന് ഗൂഢലക്ഷ്യമാണെന്നും, അസത്യങ്ങളും ആക്ഷേപങ്ങളും പ്രചരിപ്പിക്കുകയാണെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇടതു നേതൃത്വത്തിന് ചിറ്റയത്തിനെതിരെ പരാതിയും നല്‍കി. മന്ത്രിക്കെതിരെ ഡെപ്യൂട്ടി സ്പീക്കറും എല്‍ഡിഎഫിന് പരാതി നല്‍കിയിട്ടുണ്ട്. 

ചിറ്റയത്തെ സര്‍ക്കാരിന്റെ പരിപാടിയിലേക്ക് വിളിച്ചില്ല എന്ന പരാതിയില്‍ മന്ത്രിയെ പിന്തുണച്ച് സിപിഎം ജില്ലാ സെക്രട്ടറി രംഗത്തെത്തി. മകളുടെ കല്യാണത്തിന് അച്ഛനെ വിളിച്ചില്ലെന്ന് പറയുന്നതുപോലെയാണ് ചിറ്റയത്തിന്റെ പരാതിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഉദയഭാനു പറഞ്ഞു. മകളുടെ കല്യാണം കരക്കാരല്ല നടത്തേണ്ടതെന്ന് സിപിഐ ജില്ലാ നേതൃത്വവും തിരിച്ചടിച്ചിരുന്നു. 

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com