കാലവര്‍ഷം: ദുരന്ത സാധ്യതാ മേഖലകളുടെ പട്ടിക തയ്യാറാക്കാന്‍ നിര്‍ദേശം

കേരള തീരത്ത് നിന്ന് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ദുരന്ത സാധ്യതാ മേഖലകളുടെ പട്ടിക തയ്യാറാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ വിളിച്ചു ചേര്‍ത്ത ഉന്നതതലയോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയത്. 

ഈ പട്ടിക പൊലീസിനും ഫയര്‍ഫോഴ്‌സിനും ദുരന്ത നിവാരണ അതോറിറ്റിക്കും കൈമാറണം. മഴ കനക്കുന്നതിനാല്‍  ആവശ്യമായ ഇടങ്ങളില്‍ ക്യാമ്പുകള്‍ ഉടന്‍ ആരംഭിക്കണം. നദികളില്‍ എക്കല്‍ അടിഞ്ഞ് കൂടി ഒഴുക്ക് തടസപ്പെടുന്നില്ലെന്ന് ജലവിഭവ വകുപ്പ് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് റവന്യൂമന്ത്രി കെ രാജന്‍ നിര്‍ദേശിച്ചു.

അതീവ ജാഗ്രത പാലിക്കണം

മുന്‍ വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളില്‍ ഉള്ളവര്‍, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകള്‍ എന്ന് കണ്ടെത്തിയ സ്ഥലങ്ങളില്‍ താമസിക്കുന്നവരും, അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അപകട സാധ്യത മുന്നില്‍ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കേണ്ടതാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യങ്ങളില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളില്‍ അതിനോട് ജനങ്ങള്‍ സഹകരിക്കേണ്ടതാണെന്നും അധികൃതര്‍ അറിയിച്ചു. 

അതിതീവ്രമഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇന്ന് സംസ്ഥാനത്ത് എല്ലായിടത്തും മഴ മുന്നറിയിപ്പ് ഉണ്ട്. ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി വടക്കന്‍ കേരളത്തില്‍ ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ തീവ്രമഴയാണ് പ്രതീക്ഷിക്കുന്നത്. തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 

മത്സ്യബന്ധനത്തിന്  പോകരുത്

കേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ മണിക്കൂറിൽ  40 മുതൽ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ  60 കിലോമീറ്റര്‍ വേഗതയിലും  ശക്തമായ കാറ്റിനും  മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനാൽ കേരള തീരത്ത് നിന്ന് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല. 

വേലിയേറ്റത്തിന് സാധ്യത

വരും ദിവസങ്ങളിൽ വേലിയേറ്റത്തിന്റെ നിരക്ക് (രാവിലെ 11 മുതൽ ഉച്ചക്ക് 2 വരെയും, രാത്രി 10.30 മുതൽ അർധരാത്രി വരെയും) സാധാരണയിൽ കൂടുതലാവാൻ സാധ്യത ഉള്ളതിനാൽ തീരദേശങ്ങളിൽ ഉള്ളവർ കൂടുതൽ ജാഗ്രത പാലിക്കേണ്ടതാണ്. വേലിയേറ്റ സമയങ്ങളിൽ കൂടുതൽ ശക്തമായ മഴ ലഭിക്കുന്ന സാഹചര്യങ്ങളിൽ കടലിലേക്കുള്ള മഴവെള്ളത്തിന്റെ ഒഴുക്കിനെ ബാധിക്കുകയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനും സാധ്യതയുണ്ട്. തീരദേശങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണം.

എന്‍ഡിആര്‍എഫ് സംഘമെത്തി

പ്രകൃതി ക്ഷോഭമുണ്ടായാല്‍ നേരിടാനായി ദേശീയ ദുരന്ത നിവാരണ സേന മലപ്പുറം നിലമ്പൂരിലെത്തിയിട്ടുണ്ട്. 18 അംഗം എന്‍ഡിആര്‍എഫ് സംഘമാണ് എത്തിയത്. മുന്‍വര്‍ഷങ്ങളില്‍ കാലവര്‍ഷക്കെടുത്തി മൂലം മലയോരമേഖലയില്‍ വന്‍നാശനഷ്ടങ്ങളുണ്ടായ പശ്ചാത്തലത്തിലാണ് ഇത്തവണ കാലവര്‍ഷം കനക്കുന്നതിന് മുമ്പേ ദുരന്ത നിവാരണ സേന എത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com