വിസ്മയ കേസിൽ ഇന്ന് വിധി; കിരൺ കുമാറിന് 10 വർഷം വരെ തടവ് ലഭിക്കാം, വിധി ഒരു വർഷം പൂർത്തിയാകുന്നതിന് മുൻപ്

നാല് മാസത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് കേരളത്തിന്റെ മനഃസാക്ഷിയെ ഉലച്ച കേസില്‍ കോടതി വിധി പറയുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊല്ലം; കേരളം ചർച്ച ചെയ്ത വിസ്മയ കേസിൽ ഇന്ന് വിധി. കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പ്രസ്താവിക്കുക. നാല് മാസത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് കേരളത്തിന്റെ മനഃസാക്ഷിയെ ഉലച്ച കേസില്‍ കോടതി വിധി പറയുന്നത്. വിസ്മയയുടെ ഭർത്താവും മോട്ടോര്‍വാഹനവകുപ്പില്‍ എഎംവിഐയും ആയിരുന്ന കിരണ്‍ കുമാറാണ് കേസിലെ ഒന്നാം പ്രതി. പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാമെന്നാണ് കണക്കാക്കുന്നത്. 

ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടര്‍ന്ന് 2021 ജൂണ്‍ 21ന് ഭര്‍ത്തൃ ഗൃഹത്തില്‍ വിസ്മയ ആത്മഹത്യ ചെയ്‌തെന്നാണ് കേസ്. സ്ത്രീധനമായി നല്‍കിയ കാറില്‍ തൃപ്തനല്ലാത്തതിനാലും വാഗ്ദാനം ചെയ്ത സ്വര്‍ണം ലഭിച്ചില്ലെന്നും പറഞ്ഞ് ക്രൂരമായ പീഡനത്തിന് ഇരയാക്കുകയായിരുന്നു. സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, പരിക്കേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍, സ്ത്രീധനം ആവശ്യപ്പെടല്‍ എന്നീ കുറ്റകൃത്യങ്ങള്‍ കിരണ്‍ കുമാര്‍ ചെയ്‌തെന്നാണ് പ്രോസിക്യൂഷന്‍ ആരോപണം. 2020 മേയ് 30-നാണ് ബിഎഎംഎസ് വിദ്യാര്‍ഥിനിയായിരുന്ന വിസ്മയയെ മോട്ടോര്‍വാഹനവകുപ്പില്‍ എഎംവിഐ ആയിരുന്ന കിരണ്‍ കുമാര്‍ വിവാഹം കഴിച്ചത്. 

കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് വിസ്മയയെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്ന് കോടതിക്ക് മുന്നില്‍ പ്രോസിക്യൂഷന്‍ തെളിവ് നിരത്തി വാദിച്ചു. ഇതിനായി വിസ്മയ അമ്മയ്ക്കും കൂട്ടുകാരിക്കും കിരണിന്‍റെ സഹോദരിക്കും അയച്ച വാട്സ്ആപ്പ് സന്ദേശങ്ങളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി.

പ്രോസിക്യൂഷന് വേണ്ടി 42 സാക്ഷികളും 120 രേഖകളും ഫോണുകള്‍ ഉള്‍പ്പടെ 12 തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കി. എന്നാല്‍ ഫോൺ സംഭാഷണങ്ങളും സന്ദേശങ്ങളും തെളിവായി എടുക്കാന്‍ കഴിയില്ല എന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. പ്രതിയുടെ പിതാവ് സദാശിവന്‍ പിള്ള, സഹോദര പുത്രന്‍ അനില്‍കുമാര്‍, ഭാര്യ ബിന്ദുകുമാരി, പ്രതിയുടെ സഹോദരി കീര്‍ത്തി, ഭര്‍ത്താവ് മുകേഷ് എം നായര്‍ എന്നീ അഞ്ച് സാക്ഷികള്‍ വിസ്താരത്തിനിടെ കൂറുമാറിയിരുന്നു. വകുപ്പുതല അന്വേഷണത്തിന് ശേഷം ഗതാഗത വകുപ്പ് ഉദ്യോഗസ്ഥനായാരുന്ന കിരൺ കുമാറിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com