പൊലീസ് വീട് കുത്തിത്തുറന്നു, 10 പവനോളം സ്വര്‍ണാഭരണങ്ങള്‍ കാണാനില്ല; പരാതിയുമായി സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd November 2022 12:10 PM  |  

Last Updated: 02nd November 2022 12:12 PM  |   A+A-   |  

seena

ഫയല്‍ ചിത്രം

 

കൊച്ചി: പൊലീസിനെതിരെ പരാതിയുമായി അന്തരിച്ച സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന. താനില്ലാത്തപ്പോള്‍ വീട് കുത്തിത്തുറന്നു. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പൊലീസ് പരിശോധന നടത്തിയത്. മകളുടെ പത്തുപവനോളം സ്വര്‍ണാഭരങ്ങള്‍ ഇതിനുശേഷം കാണാനില്ലെന്നും സീന പരാതിയില്‍ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് സീന പരാതി നല്‍കി. 

തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഞാറയ്ക്കലില്‍ നിന്നുള്ള പൊലീസ് സംഘം സീനയുടെ വീട്ടില്‍ പരിശോധന നടത്തിയത്. ക്രിമിനൽ കേസിലെ പ്രതി ആ വീട്ടില്‍ ഒളിച്ചിരുപ്പുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് വീട്ടിലെത്തിയത്. തുടര്‍ന്ന് പൊലീസ് സംഘം വീടിന്റെ വാതില്‍  കുത്തിത്തുറന്ന് അകത്തു കടക്കുകയും പരിശോധിക്കുകയുമായിരുന്നു.

ഈ വീട് വാടകയ്ക്ക് നല്‍കിയിരിക്കുകയായിരുന്നെന്നും, മകളുടെ പഠനാര്‍ത്ഥം താന്‍ ഡല്‍ഹിയിലാണ് താമസിച്ചിരുന്നതെന്നും സീന പരാതിയില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ആ വീട്ടില്‍ സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്നു. ഇതുകൂടാതെ സൈമണ്‍ ബ്രിട്ടോയ്ക്ക് ലഭിച്ച ഉപഹാരങ്ങളില്‍ ചിലതും നഷ്ടമായതായും സീന പരാതിയില്‍ വ്യക്തമാക്കുന്നു. 

ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്ന് സീന പരാതിയില്‍ ആവശ്യപ്പെട്ടു. ലിബിന്‍ എന്നൊരാളെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ടായിരുന്നു. കൊച്ചി ഗുണ്ടാ സംഘത്തില്‍പ്പെട്ട ഭായ് നസീറിന്റെ സംഘത്തില്‍പ്പെട്ടയാളാണെന്നും, ഇയാള്‍ ഈ വീട്ടിലുണ്ടായിരുന്നതായി ടവര്‍ ലൊക്കേഷന്‍ പ്രകാരം രാത്രി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വീട്ടിലെത്തിയതെന്നാണ് ഞാറയ്ക്കല്‍ പൊലീസ് പറയുന്നത്. 

സീന വീട് വാടകയ്ക്ക് നല്‍കിയിരുന്നത് ആലപ്പുഴ സ്വദേശി വിഷ്ണു എന്നയാള്‍ക്കാണ്. ഇയാള്‍ക്കൊപ്പം ലിബിന്‍ താമസിച്ചിരുന്നു എന്നാണ് തങ്ങള്‍ക്ക് വിവരം കിട്ടിയത്. ഇയാള്‍ ഉപയോഗിച്ചിരുന്ന വാഹനം വീടിന്റെ സമീപത്തു നിന്നും കസ്റ്റഡിയിലെടുത്തിരുന്നു. സൈമണ്‍ ബ്രിട്ടോയുടെ വീടാണ് അതെന്ന് അറിയില്ലായിരുന്നു. വീടിന്റെ വാതില്‍ ശരിയാക്കുന്നതിനുള്ള ക്രമീകരണം അന്നുതന്നെ ഏര്‍പ്പാടാക്കിയിരുന്നതായും ഞാറയ്ക്കല്‍ പൊലീസ് വ്യക്തമാക്കുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സര്‍ക്കാര്‍ മുട്ടു മടക്കി; വിരമിക്കല്‍ പ്രായം ഉയര്‍ത്തിയതു മരവിപ്പിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ