'ജ്യൂസ് ചലഞ്ച് ട്രയല്‍ റണ്‍'; പലതവണ ജ്യൂസില്‍ വിഷം കലക്കി ഷാരോണിനെ കൊല്ലാന്‍ ശ്രമിച്ചെന്ന് ഗ്രീഷ്മ പൊലീസിനോട്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th November 2022 10:14 AM  |  

Last Updated: 06th November 2022 10:14 AM  |   A+A-   |  

greeshma_new

ഷാരോണ്‍ രാജും ഗ്രീഷ്മയും

 

തിരുവനന്തപുരം:  പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മ ജ്യൂസ് ചലഞ്ച് നടത്തിയത് കൊല്ലാന്‍ ലക്ഷ്യമിട്ടെന്ന് പൊലീസ്. ജ്യൂസ് ചലഞ്ച് ട്രയല്‍ റണ്‍ ആയിരുന്നു. ഷാരോണ്‍ എങ്ങനെ പ്രതികരിക്കുമെന്ന് അറിയാനായിരുന്നു ഇത്. 
പലതവണ ജ്യൂസില്‍ വിഷം കലക്കി കൊല്ലാന്‍ ശ്രമിച്ചതായി ഗ്രീഷ്മ ചോദ്യം ചെയ്യലിനിടെ വ്യക്തമാക്കി. 

ഷാരോണിനെ ഒഴിവാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നതായും ഗ്രീഷ്മ ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. പൊലീസ് കസ്റ്റഡിയില്‍ ലഭിച്ച ഗ്രീഷ്മയുമായി അന്വേഷണസംഘം ഇന്ന് തെളിവെടുപ്പ് നടത്തും. ഗ്രീഷ്മയുടെ വീട്ടിലാണ് ആദ്യം തെളിവെടുപ്പ് നടത്തുക.

അതേസമയം ഗ്രീഷ്മയുടെ വീട്ടില്‍ പൊലീസ് സീല്‍ ചെയ്ത വാതില്‍ തകര്‍ത്ത് അജ്ഞാതന്‍ അകത്ത് കയറിയ സംഭവം കൂടുതല്‍ ദുരൂഹത വര്‍ധിപ്പിച്ചിട്ടുണ്ട്. 
സംഭവത്തില്‍ തമിഴ്‌നാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഗ്രീഷ്മയെയും അമ്മയെയും അമ്മാവനെയും നേരിട്ട് എത്തിച്ച് തെളിവെടുക്കാനിരിക്കെയാണ് വീടിന്റെ പൂട്ട് തകര്‍ത്ത് ആരോ അകത്ത് കയറിയത്. 

കേസ് അന്വേഷണം നടത്തുന്ന ജില്ലാ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. ഷാരോണിനെ കൊന്നത് താനാണ് എന്ന് ഗ്രീഷ്മ സമ്മതിച്ച ദിവസം രാത്രി വീട്ടിന് നേരെ കല്ലേറുണ്ടായിരുന്നു. അന്നത്തെ കല്ലേറില്‍ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നിരുന്നു. ഷാരോണ്‍ കേസില്‍ കേസന്വേഷേണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കുന്ന കാര്യത്തില്‍ ഡിജിപി അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

അർഷദിന്റെ ശരീരത്തിൽ നൂറോളം മുറിവേറ്റ പാടുകൾ, വാരിയെല്ലുകൾ തകർന്നു, തല്ലിയത് ബെൽറ്റിനും മരക്കഷ്ണത്തിനും; ഹക്കീം അറസ്റ്റിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ