അർഷദിന്റെ ശരീരത്തിൽ നൂറോളം മുറിവേറ്റ പാടുകൾ, വാരിയെല്ലുകൾ തകർന്നു, തല്ലിയത് ബെൽറ്റിനും മരക്കഷ്ണത്തിനും; ഹക്കീം അറസ്റ്റിൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th November 2022 07:33 AM |
Last Updated: 06th November 2022 07:34 AM | A+A A- |

കൊല്ലപ്പെട്ട അർഷദ് അറസ്റ്റിലായ ഹക്കീം
പാലക്കാട്; നായയ്ക്ക് തീറ്റ കൊടുക്കാൻ വൈകിയതിന് യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പട്ടാമ്പി കൊപ്പം സ്വദേശി അബ്ദുസലാമിന്റെയും ആയിഷയുടെയും മകൻ അർഷദ് (21) മരിച്ച സംഭവത്തിൽ മുളയൻകാവ് പാലപ്പുഴ ഹക്കീമിനെയാണ് (27) അറസ്റ്റ് ചെയ്തത്. അർഷദിന്റെ ശരീരത്തിൽ മർദനമേറ്റതിന്റെ നൂറോളം പാടുകളാണുള്ളത്. ബെൽറ്റിനും മരക്കഷ്ണവും ഉപയോഗിച്ചായിരുന്നു ക്രൂരമർദനം.
സ്വകാര്യ മൊബൈൽ കമ്പനിയുടെ കേബിൾ പ്രവൃത്തി ചെയ്യുന്ന ഇരുവരും മണ്ണേങ്ങോട് അത്താണിയിലെ വാടക വീട്ടിലാണു താമസിച്ചിരുന്നത്. പല കാര്യങ്ങൾക്കും അർഷദിനെ ക്രൂരമായി മർദിക്കാറുണ്ടായിരുന്നെന്നു പൊലീസ് പറഞ്ഞു. ഹക്കിം വളർത്തുന്ന നായയ്ക്കു തീറ്റ കൊടുക്കാൻ വൈകിയതിന്റെ പേരിലാണു വ്യാഴാഴ്ച രാത്രി മർദനം തുടങ്ങിയത്. നായയുടെ കഴുത്തിലെ ബെൽറ്റ് കൊണ്ടും പട്ടിക കൊണ്ടും പുറത്തു ക്രൂരമായി തല്ലി. വീണ അർഷാദിനെ നിലത്തിട്ടും ചവിട്ടിയതോടെ വാരിയെല്ലുകൾ തകർന്നു. ആന്തരിക രക്തസ്രാവമാണു മരണകാരണമെന്നാണു നിഗമനം. ഹക്കീമിന്റെ അമ്മായിയുടെ മകനാണു കൊല്ലപ്പെട്ട അർഷദ്.
ഗുരുതരാവസ്ഥയിൽ വെള്ളിയാഴ്ച രാവിലെയാണ് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ അർഷദിനെ എത്തിക്കുന്നത്. കെട്ടിടത്തിൽനിന്നു വീണു എന്നാണ് ഹക്കീം ആശുപത്രി അധികൃതരോട് പറഞ്ഞത്. ഉച്ചയോടെ അർഷദ് മരിക്കുകയായിരുന്നു. സംശയം തോന്നിയ ആശുപത്രി അധികൃതരുടെയും പൊലീസിന്റെയും ഇടപെടലിലാണു കൊലപാതകമാണെന്നു തെളിഞ്ഞത്. സംഭവത്തിനു ശേഷം കടന്ന ഹക്കീമിനെ അന്നു വൈകിട്ടു പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ വൈകിട്ടോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
മണ്ണേങ്ങോട് അത്താണിയിൽ ഇവർ താമസിച്ചിരുന്ന വാടക വീട്ടിലും പരിസരത്തും പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി.ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ്, ഷൊർണൂർ ഡിവൈഎസ്പി വി.സുരേഷ് എന്നിവർ സ്ഥലത്തെത്തി. കൊപ്പം എസ് ഐ എം.ബി.രാജേഷിന്റെ നേതൃത്വത്തിലാണു കേസന്വേഷണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ