മരിച്ച രോഹിത്
മരിച്ച രോഹിത്

തലവേർപെട്ട നിലയിൽ മൃതദേഹം, വാഹനാപകടമെന്ന് പൊലീസ്; മാം​ഗളൂരുവിലെ മലയാളി വിദ്യാർത്ഥിയുടെ മരണത്തിൽ സിബിഐ അന്വേഷണം

മകന് നീതി തേടിയുള്ള അച്ഛന്റെ വർഷങ്ങൾനീണ്ട നിയമപോരാട്ടത്തിനാണ് ഫലപ്രാപ്തിയായത്

ന്യൂഡൽഹി; മാം​ഗളൂരുവിൽ എട്ടു വർഷം മുൻപ് മരിച്ച മലയാളി എംബിബിഎസ് വിദ്യാർത്ഥിയുടെ മരണത്തിൽ സിബിഐ അന്വേഷണം. മകന് നീതി തേടിയുള്ള അച്ഛന്റെ വർഷങ്ങൾനീണ്ട നിയമപോരാട്ടത്തിനാണ് ഫലപ്രാപ്തിയായത്. പത്തനംതിട്ട കോഴഞ്ചേരി കുഴിക്കാല സ്വദേശിയായ എംബിബിഎസ് വിദ്യാർഥി രോഹിത് രാധാകൃഷ്ണനെ 2014ലാണ് മാം​ഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. അന്വേഷണം ശരിയായ ദിശയിലായിരുന്നില്ല എന്ന് വിലയിരുത്തിയാണ്  സുപ്രീം കോടതി തുടരന്വേഷണം സിബിഐയെ ഏൽപിച്ചു. 

രോഹിത്തിന്റെ മരണത്തിൽ ബെംഗളൂരു സിഐഡി നടത്തിയ അന്വേഷണം ശരിയായ ദിശയിലായിരുന്നില്ലെന്നു ജസ്റ്റിസ് എം.ആർ ഷാ അധ്യക്ഷനായ ബെഞ്ച് വിലയിരുത്തി. ഇതിന്റെ പേരിൽ സിഐഡി വിഭാഗത്തിന് ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. തുക നാലാഴ്ചയ്ക്കകം രോഹിത്തിന്റെ അച്ഛൻ അഡ്വ. എം.എസ്.രാധാകൃഷ്ണനു നൽകണം.

21കാരനായിരുന്ന രോഹിത് എജെ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നാലാം വർഷ വിദ്യാർഥിയായിരുന്നു. 2014 മാർച്ചിലാണു മംഗളൂരു പനമ്പൂർ തണ്ണീർബാവി ബീച്ചിനു സമീപം തല വേർപെട്ട നിലയിൽ രോഹിത്തിന്റെ മൃതദേഹം കണ്ടെത്തിയത്. വാഹനാപകടമാണെന്നു പറഞ്ഞ പൊലീസ്, അലക്ഷ്യമായി വാഹനം ഓടിച്ചതിനു രോഹിത്തിനെതിരെ കേസുമെടുത്തു. മരിച്ചയാൾക്കെതിരെ കേസെടുക്കുന്നതു കേട്ടുകേൾവിയില്ലാത്ത കാര്യമാണെന്നു നിരീക്ഷിച്ചു സുപ്രീം കോടതി ഇതു റദ്ദാക്കി. 

രോഹിത്തിന്റെ അച്ഛൻ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും കർണാടക ആഭ്യന്തരമന്ത്രിക്കും പരാതി നൽകിയിരുന്നു. തുടർന്നു കേസ് സിഐഡിയെ ഏൽപിച്ചെങ്കിലും വാഹനാപകടമാണെന്നായിരുന്നു ഇവരുടേയും നിലപാട്. ഇതോടെയാണു രാധാകൃഷ്ണൻ സുപ്രീം കോടതിയെ സമീപിച്ചത്. ഇതു വെറും വാഹനാപകടമായി കാണാൻ കഴിയില്ലെന്നു വ്യക്തമാക്കിയ കോടതി, രണ്ടാഴ്ചയ്ക്കുള്ളിൽ സിഐഡി അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സിബിഐക്കു കൈമാറണമെന്ന് ഉത്തരവിട്ടു. രണ്ടു മാസത്തിലൊരിക്കൽ അന്വേഷണ പുരോഗതി കർണാടക ഹൈക്കോടതിയിൽ അറിയിക്കണമെന്നും നിർദേശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com