തന്നിഷ്ടപ്രകാരം വിസിയെ നിയമിക്കാന്‍ അധികാരമില്ല; രേഖകള്‍ വിളിച്ചു വരുത്തണം; ഗവര്‍ണര്‍ക്കെതിരെ ഹര്‍ജി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th November 2022 09:46 PM  |  

Last Updated: 07th November 2022 09:46 PM  |   A+A-   |  

permission to abortion highcourt

ഫയല്‍ ചിത്രം

 

കൊച്ചി: സാങ്കേതിക സര്‍വകലാശാലയിലെ താത്കാലിക വിസി നിയമനത്തില്‍ ഗവര്‍ണര്‍ക്കെതിരെ ഹര്‍ജിയുമായി സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. ഗവര്‍ണര്‍ നടത്തിയ പുതിയ വിസിയുടെ നിയമനം സര്‍വകലാശാല നിയമത്തിന് വിരുദ്ധമാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. ഇത് റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. 

നിയമനം നടത്തിയ രേഖകള്‍ വിളിച്ചു വരുത്തണം. കോടതി തീര്‍പ്പ് കല്‍പ്പിക്കും വരെ കേരളത്തിലെ മറ്റേതെങ്കിലും സര്‍വകലാശാല വിസിമാര്‍ക്ക് ചുമതല നല്‍കാന്‍ അനുവദിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. 

തന്നിഷ്ടപ്രകാരം ആരെയെങ്കിലും വിസിയായി നിയമിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്. അങ്ങനെയൊരു വിശേഷ അധികാരം ഗവര്‍ണര്‍ക്കില്ല. സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശകള്‍ പോലും പരിഗണിക്കാതെയാണ് കെടിയുവില്‍ താത്കാലിക വിസിയെ നിയമിച്ചിരിക്കുന്നത്. 

ഇത് ഒരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ല. സര്‍വകലാശാല നിയമങ്ങള്‍ അട്ടിമറിക്കപ്പെട്ടിരിക്കുന്നു. സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തിലൂടെ മാത്രമെ ഇത്തരത്തില്‍ വിസിയെ നിയമിക്കാന്‍ സാധിക്കു. 

നിലവില്‍ സംസ്ഥാനത്തെ ഏതെങ്കിലും വിസിയോ അല്ലെങ്കില്‍ പ്രൊ വിസിയോ ആയിരിക്കണം ഇത്തരം സ്ഥാനങ്ങളില്‍ താത്കാലികമായി നിയമിക്കപ്പെടേണ്ടത്. അല്ലെങ്കില്‍ ഗവണ്‍മെന്റ് സെക്രട്ടറിയായിരിക്കണം ഈ പോസ്റ്റിലേക്ക് നിയമിക്കേണ്ടത്. ഇപ്പോള്‍ ഗവര്‍ണര്‍ നിയമിച്ചിരിക്കുന്ന വ്യക്തി ഇത്തരം യോഗ്യതയുള്ള ആളല്ല. അതുകൊണ്ടു തന്നെ നിയമനം നിയമവിരുദ്ധമാണ്. അതിനാല്‍ ഇത് റദ്ദാക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

പോരിനിടെ ​ഗവർണറെ കണ്ട് സ്പീക്കർ എഎൻ ഷംസീർ; അനൗപചാരിക സന്ദർശനമെന്ന് ഓഫീസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ