കേരളത്തില്‍ ഓടുന്ന ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് സംസ്ഥാനത്തും നികുതി ഈടാക്കാം: ഇരട്ട നികുതിക്കു സ്‌റ്റേ ഇല്ല

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 08th November 2022 01:09 PM  |  

Last Updated: 08th November 2022 01:09 PM  |   A+A-   |  

tourist_bus

പ്രതീകാത്മക ചിത്രം

 

കൊച്ചി: മറ്റ് സംസ്ഥാനങ്ങളില്‍ റജിസ്റ്റര്‍ ചെയ്തു കേരളത്തില്‍ ഓടുന്ന ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് സംസ്ഥാനത്തു നികുതി ഈടാക്കാമെന്നു ഹൈക്കോടതി. രജിസ്‌ട്രേഷന്‍ കേരളത്തിലേക്കു മാറ്റുകയോ സംസ്ഥാനത്തു നികുതി അടയ്ക്കുകയോ ചെയ്യാത്ത വാഹനങ്ങള്‍ നിരത്തില്‍ ഇറക്കാന്‍ അനുവദിക്കില്ലെന്ന ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ ഉത്തരവു ചോദ്യം ചെയ്ത് ടൂറിസ്റ്റ് വാഹന ഉടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നിലപാടു വ്യക്തമാക്കിയത്.

കേന്ദ്രനിയമത്തിന്റെ അഭാവത്തില്‍ നികുതി ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്നു കോടതി വ്യക്തമാക്കി. ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങളില്‍ നിന്ന് ഓള്‍ ഇന്ത്യ പെര്‍മിറ്റ് ഫീസ് കൂടാതെ സംസ്ഥാനം നികുതി പിരിക്കുന്നത് ഇരട്ട നികുതി ആണെന്നാണ് വാഹന ഉടമകള്‍ വാദിച്ചത്. ഇത് അന്തര്‍ സംസ്ഥാന യാത്രകള്‍ സുഗമമാക്കുന്നതിനു കേന്ദ്രം ആവിഷ്‌കരിച്ച ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് സംവിധാനം അട്ടിമറിക്കാനുള്ള നീക്കമാണെന്നു വാഹന ഉടകള്‍ ആരോപിച്ചിരുന്നു.

കേരളത്തിലേക്ക് റജിസ്‌ട്രേഷന്‍ മാറ്റിയില്ലെങ്കില്‍ കേരള മോട്ടോര്‍ വാഹന ടാക്‌സേഷന്‍ നിയമ പ്രകാരം നികുതി ഈടാക്കുമെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഉത്തരവ് ഇറക്കിയത്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ റജിസ്റ്റര്‍ ചെയ്ത് ഓള്‍ ഇന്ത്യ പെര്‍മിറ്റ് എടുത്ത് തമിഴ്‌നാട്ടിലേക്ക് സര്‍വീസ് നടത്തുന്ന ടൂറിസ്റ്റ് ബസുകളില്‍ നിന്ന് തമിഴ്‌നാട് നികുതി ഈടാക്കുന്നുണ്ടെന്നും ഈ നടപടി തമിഴ്‌നാട് ഹൈക്കോടതി ശരിവച്ചിട്ടുണ്ടെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സാങ്കേതിക സര്‍വകലാശാല: വിസി നിയമനത്തിനു സ്റ്റേ ഇല്ല; സര്‍ക്കാരിന്റെ ആവശ്യം തള്ളി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ