'ശബരിമലയിലേത് നിത്യ ബ്രഹ്മചാരി സങ്കല്‍പ്പം'; വിശദീകരണവുമായി ജി സുധാകരന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th November 2022 03:38 PM  |  

Last Updated: 13th November 2022 03:38 PM  |   A+A-   |  

SUDHAKARAN_2

ജി സുധാകരന്‍ മാധ്യമങ്ങളോട്, സ്‌ക്രീന്‍ഷോട്ട്‌

 

ആലപ്പുഴ: ശബരിമലയിലേത് നിത്യ ബ്രഹ്മചാരി സങ്കല്‍പ്പം എന്ന് സിപിഎം നേതാവ് ജി സുധാകരന്‍.  അതുകൊണ്ടാണ് യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കാത്തത്. അത് മാറ്റിപ്പറയുകയോ, അട്ടിമറിക്കുകയോ ചെയ്യേണ്ട കാര്യമില്ല. എല്ലാവരും ബഹുമാനിച്ച് അംഗീകരിച്ച് പോകുന്ന കാര്യമാണിത്. യുവതി പ്രവേശനം വിലക്കി ചട്ടമുണ്ട്. അത് സൂചിപ്പിക്കുക മാത്രമാണ് കഴിഞ്ഞദിവസം ചെയ്തതെന്നും അല്ലാതെ ശബരിമലയില്‍ 50 കഴിഞ്ഞ സ്ത്രീകള്‍ കയറിയാല്‍ മതിയെന്ന് പറഞ്ഞിട്ടില്ലെന്നും ജി സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു

ജ്യോതിഷ താന്ത്രികവേദി സംസ്ഥാന വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ജി സുധാകരന്‍ നടത്തിയ പ്രതികരണം ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് വിശദീകരണം. ശബരിമലയില്‍ 50 കഴിഞ്ഞ സ്ത്രീകള്‍ കയറിയാല്‍ മതിയെന്ന തരത്തില്‍ സുധാകരന്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

ജ്യോതിഷം ശാസ്ത്രത്തെ സ്വീകരിച്ചു മുന്നോട്ടുപോകണമെന്നും ജ്യോതിഷ താന്ത്രികവേദിയുടെ പരിപാടിക്കിടെ സുധാകരന്‍ പറഞ്ഞു. ലോകത്ത് ജ്ഞാതവും അജ്ഞാതവുമായ കാര്യങ്ങളുണ്ട്. അജ്ഞാതമായവ നിലനില്‍ക്കുന്നിടത്തോളം കാലം ജ്യോതിഷത്തിനു പ്രസക്തിയുണ്ടെന്നും ജി സുധാകരന്‍ പറഞ്ഞു

കോണ്‍ഗ്രസുകാരനെയും കമ്യൂണിസ്റ്റുകളെയും തിരിച്ചറിയാന്‍ പറ്റാതായി. കമ്യൂണിസ്റ്റുകളില്‍ നിന്ന് ജനം പ്രതീക്ഷിക്കുന്നത് കിട്ടുന്നില്ല എന്നതാണ് പ്രശ്‌നം. രാഷ്ട്രീയം ഒരു കലയാണ്. അതു മനസ്സിലാക്കാതെ കുറെപ്പേര്‍ രാവിലെ വെള്ളമുണ്ടും ഷര്‍ട്ടും ധരിച്ച് സെന്റും പൂശി ഇറങ്ങുകയാണ് എന്നും സുധാകരന്‍ പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

ചാന്‍സലര്‍ പദവിയില്‍ നിന്നും മാറ്റിയത് സര്‍ക്കാരിന്റെ സ്വാതന്ത്ര്യം; അറിഞ്ഞത് മാധ്യമങ്ങളിലൂടെ: ഗവര്‍ണര്‍

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ