'ജനങ്ങളുടെ മേല്‍ കുതിര കയറാനുള്ളതല്ല തലയിലെ തൊപ്പിയും നക്ഷത്രവും'; പൊലീസിനെതിരെ ആഞ്ഞടിച്ച് സ്പീക്കര്‍ 

പെരുമാറ്റത്തില്‍ പൊലീസ് മാറ്റം വരുത്തണമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍
എ എന്‍ ഷംസീര്‍ / ഫെയ്‌സ്ബുക്ക് ചിത്രം
എ എന്‍ ഷംസീര്‍ / ഫെയ്‌സ്ബുക്ക് ചിത്രം

തിരുവനന്തപുരം : പെരുമാറ്റത്തില്‍ പൊലീസ് മാറ്റം വരുത്തണമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. ജനങ്ങളുടെ മേല്‍ കുതിര കയറാനുള്ളതല്ല തലയിലെ തൊപ്പിയും നക്ഷത്രവും. കൂട്ടത്തിലുള്ളവര്‍ തെറ്റു ചെയ്താല്‍ പൊലീസ് സംരക്ഷിക്കേണ്ടതില്ല. പത്തുശതമാനത്തിന്റെ തെറ്റ് കാരണം മുഴുവന്‍ സേനയും ചീത്ത കേള്‍ക്കുന്നു എന്നും പൊലീസ് അസോസിയേഷന്‍ പരിപാടിക്കിടെ സ്പീക്കര്‍ പറഞ്ഞു. പൊലീസുകാര്‍ തന്നെ കുറ്റക്കാരാകുന്ന കേസുകളുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് സ്പീക്കറുടെ പരാമര്‍ശം.

പൊലീസ് ജനങ്ങളുടെ സേവകരാകണം. പൊലീസിന് പലപ്പോഴും പിശകുകള്‍ പറ്റിയേക്കാം. മനുഷ്യ സഹജമായ പിശകാകാം അത്. പക്ഷേ അതുപോലും പൊതുസമൂഹം ആഗ്രഹിക്കാത്തതിനാല്‍ ആണ് വിമര്‍ശിക്കപ്പെടുന്നത്. അത് ഉള്‍ക്കൊണ്ട് വേണം പൊലീസ് സേന പ്രവര്‍ത്തിക്കാന്‍. ഇന്ന് പോലും പൊലീസിനെതിരെയുള്ള വാര്‍ത്തകളാണ് വരുന്നത്. പൊലീസില്‍ കള്ള നാണയങ്ങള്‍ ഉണ്ട്. അവര്‍ നടത്തുന്ന തെറ്റായ പ്രവര്‍ത്തനങ്ങള്‍ക്ക് ചീത്ത കേള്‍ക്കേണ്ടി വരുന്നത് മുഴുവന്‍ പേരും ആണ്. അത് കണ്ടെത്തി തിരുത്താന്‍ ആകണമെന്നും സ്പീക്കര്‍ പറഞ്ഞു.

ഉന്നത അക്കാദമിക വിദ്യാഭ്യാസം ഉള്ളവരാണ് സേനയില്‍ അധികവും. വിനയത്തോടെ പെരുമാറാന്‍ കഴിയണം. ജോലി സമ്മര്‍ദം കാരണം ജനങ്ങളുടെ മേല്‍ കുതിര കയറിയാല്‍ മുഴുവന്‍ സേനയും അതിന്റെ പഴി കേള്‍ക്കേണ്ടി വരും. രാജ്യത്തിന് തന്നെ മാതൃക ആയ സേനയാണ് പൊലീസ്. പക്ഷേ ചില തെറ്റായ പ്രവണതകളെ വിമര്‍ശിക്കുമെന്നും ഷംസീര്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com