മയക്കുമരുന്നിനെതിരെ 'ഗോള്‍ ചലഞ്ച്'; ക്യാമ്പയിന് ഇന്ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th November 2022 07:22 AM  |  

Last Updated: 16th November 2022 07:22 AM  |   A+A-   |  

drugs

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: മയക്കുമരുന്നിനെതിരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാംഘട്ട പ്രചാരണത്തിന്റെ ഭാഗമായുള്ള 'ഗോള്‍ ചലഞ്ചി'ന് ഇന്ന്  തുടക്കം. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ വൈകിട്ട് അഞ്ചു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. 'മയക്കുമരുന്നിനെതിരെ ഫുട്‌ബോള്‍ ലഹരി' എന്ന മുദ്രാവാക്യമുയര്‍ത്തി രണ്ട് കോടി ഗോളടിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. 

എല്ലാ വിദ്യാലയങ്ങളിലും തദ്ദേശ സ്വയം ഭരണ വാര്‍ഡുകളിലും പൊതു-സ്വകാര്യ ഓഫീസുകളിലും കമ്പനികളിലും ഐടി പാര്‍ക്കുകളിലും അയല്‍ക്കൂട്ടങ്ങളിലും പൊതു സ്ഥലങ്ങളിലും ഗോള്‍ ചലഞ്ച് സംഘടിപ്പിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. ഡിസംബര്‍ 18ന് ഗോള്‍ ചലഞ്ച് അവസാനിക്കും. 

വാര്‍ഡുകളിലെയും സ്ഥാപനങ്ങളിലെയും വിദ്യാലയങ്ങളിലെയും പ്രധാന കേന്ദ്രങ്ങളില്‍ ഒരു പോസ്റ്റ് തയ്യാറാക്കി വെച്ച്, എപ്പോള്‍ വേണമെങ്കിലും ആര്‍ക്കും വന്ന് ഗോളടിക്കാന്‍ കഴിയുന്ന രീതിയിലാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. ഗോള്‍ പോസ്റ്റിലും സമീപത്തും മയക്കുമരുന്നിനെതിരെയുള്ള പ്രചാരണവും നടത്തും. ലോകകപ്പ് മത്സരങ്ങളുടെ പൊതു പ്രദര്‍ശന കേന്ദ്രങ്ങള്‍ക്ക് സമീപം പോസ്റ്റുകളൊരുക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

തദ്ദേശ സ്ഥാപനതലത്തില്‍ ലോകകപ്പ് മത്സരങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിക്കും. ഇത്തരം കേന്ദ്രങ്ങളില്‍ ലഹരിക്കെതിരെയുള്ള ബോധവത്കരണ വീഡിയോകള്‍ പ്രദര്‍ശിപ്പിക്കും. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന വാര്‍ഡിലും വിദ്യാലയങ്ങളിലും നവംബര്‍ 17 മുതല്‍ 25 വരെയാണ് ക്യാമ്പയിന്‍. കഴിയുന്നത്ര സ്ഥലങ്ങളിലെല്ലാം ഡിസംബര്‍ 18 വരെ ഗോള്‍ പോസ്റ്റ് നിലനിര്‍ത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പെനാലിറ്റി ഷൂട്ടൗട്ട് മത്സരം, ഫുട്‌ബോള്‍ ക്വിസ് തുടങ്ങിയവയും സംഘടിപ്പിക്കും. 

കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളില്‍ നവംബര്‍ 17, 18 തീയതികളില്‍ ഗോള്‍ ചലഞ്ച് നടക്കും. സര്‍ക്കാര്‍ ഓഫീസുകള്‍, സ്വകാര്യ കമ്പനികള്‍, റസിഡന്റ് അസോസിയേഷനുകള്‍ എന്നിവിടങ്ങളില്‍ നവംബര്‍ 28 മുതല്‍ ഡിസംബര്‍ 10 വരെ ഗോള്‍ ചലഞ്ച് സംഘടിപ്പിക്കും. ഓഫീസുകളിലെത്തുന്ന പൊതുജനങ്ങള്‍ക്കും ഗോള്‍ ചലഞ്ചില്‍ പങ്കെടുക്കാം.ബസ് സ്റ്റാന്‍ഡുകളിലും പൊതു സ്ഥലങ്ങളിലും ഡിസംബര്‍ 10 മുതല്‍ 18 വരെ ഫ്‌ലാഷ് മോബിന്റെ അകമ്പടിയോടെ ഗോള്‍ ചലഞ്ച് സംഘടിപ്പിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കത്ത് വിവാദം: മേയര്‍ക്ക് ഓംബുഡ്‌സ്മാന്റെ നോട്ടീസ്; പൊലീസ് കേസെടുത്തേക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ