മാല മോഷ്ടിച്ചെന്ന് സംശയം, സവാരിക്ക് വിളിച്ച് പിന്നിൽ നിന്ന് കഴുത്തിൽ കുത്തി; ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th November 2022 09:11 AM  |  

Last Updated: 17th November 2022 09:11 AM  |   A+A-   |  

DRIVER_MURDER

അറസ്റ്റിലായ പ്രഭാകരൻ, മരിച്ച ഷിജു

 

തിരുവനന്തപുരം: ഓട്ടോ സവാരിക്കിടെ സുഹൃത്തിന്‍റെ കുത്തേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട് ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ ആലന്തറ ഉദിമൂട് ശിവാലയത്തിൽ ഷിജു (44) ആണ് മരിച്ചത്. ഷിജുവിനെ കുത്തിയ കാരേറ്റ് മാമൂട് പിള്ള വീട്ടിൽ പ്രഭാകരൻ (72) പൊലീസ് പിടിയിലായി. 

കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് 6 മണിയോടെ ആലന്തറ പെട്രോൾ പമ്പിന് സമീപത്തായിരുന്നു സംഭവം. സവാരിക്കിടെ പിൻസീറ്റിൽ ഇരിക്കുകയായിരുന്ന പ്രഭാകരൻ ഷിജുവിന്‍റെ കഴുത്തിൽ കുത്തി പരുക്കേൽപിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷിജു ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്. പ്രഭാകരനെ സംഭവ ദിവസം തന്നെ പൊലീസ് പിടികൂടിയിരുന്നു.  

സംഭവം നടക്കുന്നതിന്റെ 2 ദിവസം മുമ്പ് സുഹൃത്തുക്കളായ ഇവർ ഒരുമിച്ച് മദ്യപിച്ച ശേഷം മടങ്ങുമ്പോൾ പ്രഭാകരൻ ധരിച്ചിരുന്ന സ്വർണ മാല നഷ്ടപ്പെട്ടിരുന്നു. മാല ഷിജുവിന്‍റെ കൈവശമുണ്ടെന്ന് ആരോപിച്ച് ഇരുവരും വാക്ക് തർക്കത്തിലായി. ഇത് സംബന്ധിച്ചുള്ള വൈരാഗ്യത്തെ തുടര്‍ന്ന് പ്രഭാകരന്‍, ഷിജുവിനെ സവാരിക്ക് വിളിക്കുകയും പിന്നീട് സവാരിക്കിടെ കുത്തിപ്പരുക്കേൽപ്പിക്കുകയും ചെയ്തത്. ഷിജു ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. ഇയാൾ മരിച്ച സാഹചര്യത്തിൽ റിമാൻഡിൽ കഴിയുന്ന പ്രഭാകരനെതിരെ കൊലക്കുറ്റം കൂടി ഉൾപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

വിശ്വസ്തൻ ചമഞ്ഞ് കൂടെക്കൂടി, മദ്യത്തിൽ മയക്കുമരുന്ന് കലർത്തി നൽകി ഡോക്ടറുടെ 19 ലക്ഷം തട്ടി; ഓട്ടോ ഡ്രൈവർ പിടിയിൽ​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ