ശബരിമല കയറുമ്പോള്‍ നെഞ്ചിടിപ്പ് കൂടുന്നുണ്ടോ? കരുതണം; സഹായിക്കാന്‍ 19 എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍

മലകയറ്റത്തില്‍ നെഞ്ചിടിപ്പ് വല്ലാതെ കൂടുന്നെങ്കിലോ ശ്വാസംമുട്ടലോ നെഞ്ചുവേദനയോ അനുഭവപ്പെടുന്നെങ്കിലോ ഉടന്‍ തന്നെ വൈദ്യ സഹായം തേടണമെന്ന് ആരോഗ്യ മന്ത്രി
ശബരിമല
ശബരിമല


തിരുവനന്തപുരം: ശബരിമല പാതകളില്‍ 19 എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ സജ്ജമാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നീലിമല താഴെ, നീലിമല മധ്യഭാഗം, നീലിമല മുകളില്‍, അപ്പാച്ചിമേട് താഴെ, അപ്പാച്ചിമേട് മധ്യഭാഗം, അപ്പാച്ചിമേട് മുകളില്‍, ഫോറസ്റ്റ് ക്യാമ്പ് ഷെഡ്, മരക്കൂട്ടം, ക്യൂ കോംപ്ലക്‌സ്, ശരംകുത്തി, വാവരുനട, പാണ്ടിത്താവളം, സ്വാമി അയ്യപ്പന്‍ റോഡില്‍ ചരള്‍മേട് മുകളില്‍, ഫോറസ്റ്റ് മോഡല്‍ ഇഎംസി, ചരല്‍മേട് താഴെ, കാനന പാതയില്‍ കരിമല എന്നിവിടങ്ങളിലാണ് എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ സജ്ജമാക്കിയിട്ടുള്ളത്. കാനന പാതയില്‍ വനംവകുപ്പിന്റെ സഹായത്തോടെ കല്ലിടാംകുന്ന്, കരിയിലാംതോട്, മഞ്ഞപ്പൊടിത്തട്ട് എന്നിവിടങ്ങളിലും എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ സജ്ജമാണ്.

മലകയറ്റത്തില്‍ നെഞ്ചിടിപ്പ് വല്ലാതെ കൂടുന്നെങ്കിലോ ശ്വാസംമുട്ടലോ നെഞ്ചുവേദനയോ അനുഭവപ്പെടുന്നെങ്കിലോ ഉടന്‍ തന്നെ വൈദ്യ സഹായം തേടണമെന്ന് ആരോഗ്യ മന്ത്രി നിര്‍ദേശിച്ചു. പമ്പ മുതല്‍ സന്നിധാനം വരെയുളള മല കയറ്റത്തില്‍ ഉണ്ടാകുന്ന അമിതമായ ബുദ്ധിമുട്ടുകള്‍ നിസാരമായി കാണരുത്. ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ ഒരുപക്ഷെ ഹൃദയാഘാതത്തിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. എല്ലാ ഭാഷകളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച ലഘുലേഖകള്‍ വിതരണം ചെയ്തു വരുന്നു. ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

തളര്‍ച്ച അനുഭവപ്പെടുന്ന തീര്‍ത്ഥാടര്‍ക്ക് വിശ്രമിക്കുവാനും, ഓക്‌സിജന്‍ ശ്വസിക്കുവാനും ഫസ്റ്റ് എയ്ഡിനും ബ്ലെഡ്പ്രഷര്‍ നോക്കുവാനുമുള്ള സംവിധാനം ഇവിടെയുണ്ട്. ഹൃദയാഘാതം വരുന്ന തീര്‍ത്ഥാടകര്‍ക്കായി ആട്ടോമേറ്റഡ് എക്‌സറ്റേണല്‍ ഡിഫിബ്രിലേറ്റര്‍ ഉള്‍പ്പെടെ പരിശീലനം ലഭിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ 24 മണിക്കൂറും ഈ കേന്ദ്രങ്ങളില്‍ ലഭ്യമാണ്. പമ്പ ആശുപത്രി, നീലിമല, അപ്പാച്ചിമേട് കാര്‍ഡിയോളജി സെന്ററുകള്‍, സന്നിധാനം ആശുപത്രി, സ്വാമി അയ്യപ്പന്‍ റോഡിലെ ചരല്‍മേട് ആശുപത്രി എന്നിവിടങ്ങളിലും ചികിത്സാ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതുകൂടാതെ പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ആയുര്‍വേദ, ഹോമിയോ ഡിസ്‌പെന്‍സറികളും പ്രവര്‍ത്തിക്കുന്നുണ്ട്.

മല കയറുമ്പോള്‍ ശ്രദ്ധിക്കേണ്ടവ

എല്ലാ പ്രായത്തിലുമുള്ള തീര്‍ത്ഥാടകരും സാവധാനം മലകയറണം.
ഇടയ്ക്കിടയ്ക്ക് വിശ്രമിക്കണം.
ലഘു ഭക്ഷണം കഴിച്ചതിനുശേഷം മലകയറുന്നതാണ് നല്ലത്.
മലകയറുന്നതിനിടയില്‍ ക്ഷീണം, തളര്‍ച്ച, നെഞ്ചുവേദന, ശ്വാസതടസം എന്നിവ അനുഭവപ്പെട്ടാല്‍ എത്രയും വേഗം വൈദ്യസഹായം തേടുക.
ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകള്‍, ഹൃദ്രോഗം, മറ്റ് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ തുടങ്ങിയവയുള്ള തീര്‍ത്ഥാടകര്‍ മലകയറ്റം ഒഴിവാക്കുന്നതാണ് നല്ലത്.
ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളോ രക്താതിമര്‍ദ്ദമോ ഉള്ളവര്‍ മലകയറുന്നതിന് മുമ്പ് വൈദ്യ പരിശോധനയ്ക്ക് വിധേയരാകണം.
പ്രമേഹം, രക്താതിമര്‍ദ്ദം തുടങ്ങിയ രോഗങ്ങളുള്ള തീര്‍ത്ഥാടകര്‍ കഴിക്കേണ്ട മരുന്നുകള്‍, ചികിത്സാരേഖകള്‍ എന്നിവ കരുതുക
സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ മുടങ്ങാതെ കഴിക്കുക
ആരോഗ്യ പ്രശ്‌നങ്ങളുള്ള തീര്‍ത്ഥാടകര്‍ തീര്‍ത്ഥാടനത്തിന് മുന്‍പ് ചികിത്സിക്കുന്ന ഡോക്ടറുടെ ഉപദേശം തേടുക.
മലകയറുന്നതിന് കുറഞ്ഞത് രണ്ടാഴ്ച മുന്‍പ് മുതല്‍ ദിവസവും അരമണിക്കൂര്‍ നടത്തം ശീലമാക്കി ശാരീരികക്ഷമത ഉറപ്പാക്കുന്നതും നല്ലതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com