ബലാത്സം​ഗ കേസിൽ പ്രതി; വീണ്ടും ഡ്യൂട്ടിക്കെത്തി സുനു; വിവാദമായപ്പോൾ അവധിയിൽ പോകാൻ നിർദ്ദേശം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th November 2022 02:36 PM  |  

Last Updated: 20th November 2022 02:36 PM  |   A+A-   |  

sunu

ഇന്‍സ്‌പെക്ടര്‍ സുനു/ ടിവി ദൃശ്യം

 

കോഴിക്കോട്: തൃക്കാക്കര കൂട്ട ബലാത്സംഗക്കേസിൽ മൂന്നാം പ്രതിയായ കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ പിആര്‍ സുനുവിനോട് അവധിയിൽ പ്രവേശിക്കാൻ നിർദ്ദേശിച്ചു. ഇന്നു രാവിലെ വീണ്ടും ഡ്യൂട്ടിയിൽ പ്രവേശിച്ചത് വിവാദമായിയിരുന്നു. ഇതിന് പിന്നാലെയാണ് സുനുവിനോട് അവധിയിൽ പോകാൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത് കുമാർ നിർദേശം നൽകിയത്. ഏഴ് ദിവസത്തെ അവധിയിൽ പ്രവേശിക്കാനാണ് എഡിജിപി നിർദേശിച്ചെതെന്നാണു വിവരം. 

ബലാത്സംഗം ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയായ ഇയാൾക്കെതിരെ വകുപ്പുതല നടപടികൾ‌ ഉൾപ്പെടെയുള്ളവ പരിഗണനയിലിരിക്കുകയാണ്. അതിനിടെയാണ് സ്റ്റേഷനിൽ എത്തി ഇയാൾ വീണ്ടും ചുമതലയേറ്റത്. സംഭവം വ്യാപക വിമർശനങ്ങൾക്കു വഴിവച്ചതോടെയാണ് നടപടി. 

അതേസമയം താൻ നിരപരാധിയാണെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും സുനു മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു. പരാതിക്കാരിയെ അറിയുകയോ കാണുകയോ ചെയ്‌തിട്ടില്ലെന്നും സുനു പറയുന്നു. സത്യം ഒന്നേയുള്ളൂ, സത്യമേവ ജയതേ എന്നായിരുന്നു ഇതേക്കുറിച്ചുള്ള ചോദ്യങ്ങളോട് സുനുവിന്റെ പ്രതികരണം. 

ഒൻപതോളം തവണ വകുപ്പുതല അച്ചടക്ക നടപടിക്കു വിധേയനാകുകയും ആറ് ക്രിമിനല്‍ കേസുകളില്‍ പ്രതിയാകുകയും ചെയ്‌ത പൊലീസ് ഉദ്യോഗസ്ഥനാണ് സുനു. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ നിലവിൽ അന്വേഷണം അവസാനിപ്പിച്ചതടക്കം എല്ലാ കേസുകളും പുനഃപരിശോധിക്കാൻ ഡിജിപി ഉത്തരവിട്ടിരുന്നു. ഇയാളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാൻ ശുപാര്‍ശ ചെയ്ത് ഡിജിപി അനിൽകാന്ത് ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയിയിരുന്നു.

തൃക്കാക്കര കൂട്ടബലാത്സംഗക്കേസിലെ അതിജീവിതയുടെ പരാതിയിൽ പല തവണ ചോദ്യം ചെയ്‌തിട്ടും സുനുവിനെ പ്രതി ചേർക്കാൻ ആവശ്യമായ തെളിവുകൾ ലഭിച്ചില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം. സുനുവടക്കം പത്ത് പ്രതികൾ കേസിൽ ഉണ്ടെന്ന് പറയുമ്പോഴും അഞ്ച് പേരേ മാത്രമേ പരാതിക്കാരിക്ക് തിരിച്ചറിയാൻ കഴിഞ്ഞുള്ളുവെന്നും പൊലീസ് പറയുന്നു. 

ഈ വാർത്ത കൂടി വായിക്കൂ

രാജ്ഭവന്‍ മാര്‍ച്ചില്‍ സര്‍വീസ് റൂള്‍ ലംഘിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു; ദൃശ്യങ്ങള്‍ പുറത്തു വിട്ട് ബിജെപി; ചീഫ് സെക്രട്ടറിക്ക് പരാതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ