ഓണ്‍ലൈന്‍ ക്ലാസിന് വാങ്ങിയ ഫോണ്‍ വഴി പരിചയം; വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th November 2022 07:04 PM  |  

Last Updated: 20th November 2022 07:04 PM  |   A+A-   |  

SEXUAL ASSAULT CASE

ശ്യാം

 

തിരുവനന്തപുരം: ഓണ്‍ലൈന്‍ പഠനത്തിന് രക്ഷിതാക്കള്‍ വാങ്ങി നല്‍കിയ ഫോണില്‍ ആരംഭിച്ച ഫെയ്സ്ബുക്ക് അക്കൗണ്ട് വഴി പരിചയപ്പെട്ട് പ്ലസ് ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍. കാട്ടാക്കട അമ്പലത്തിന്‍കാല പാപ്പനം സ്വദേശി ശ്യാമിനെ ആണ് നെടുമങ്ങാട് പൊലീസ് പിടികൂടിയത്. പൊലീസിനെ കണ്ട് രക്ഷപ്പെട്ട പ്രതിയെ റസിഡന്‍സ് അസോസിയേഷന്‍കാരുടെ സഹായത്തോടെയാണ് പിടികൂടിയത്. പോക്‌സോ കേസ് പ്രകാരം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്തു. 

നെടുമങ്ങാട് സ്വദേശിനിയായ വിദ്യാര്‍ഥിനിക്ക് ഓണ്‍ലൈന്‍ പഠനത്തിനായാണ് കൂലിപ്പണിക്കാരനായ രക്ഷിതാക്കള്‍ മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കുന്നത്. പഠനത്തിന് പുറമെ മൊബൈലില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ തുടങ്ങി പെണ്‍കുട്ടി അതില്‍ സജീവമായി. ഇതിലൂടെയാണ് ശ്യാമിനെ കുട്ടി പരിചയപ്പെടുന്നത്. സ്‌കൂള്‍ വിട്ട് വിദ്യാര്‍ഥിനി വീട്ടില്‍ എത്താന്‍ താമസിച്ചത് രക്ഷിതാക്കള്‍ ചോദ്യം ചെയ്തിരുന്നു. 

എന്നാല്‍ കുട്ടി പറഞ്ഞ മറുപടിയില്‍ ചില വൈരുധ്യങ്ങള്‍ മനസ്സിലാക്കിയ വീട്ടുകാര്‍ ഉടന്‍ നെടുമങ്ങാട് സ്‌റ്റേഷനില്‍ എത്തി വിവരം പറഞ്ഞു. സംഭവത്തില്‍ രക്ഷിതാക്കളോട് പറഞ്ഞ അതേ മറുപടി തന്നെ ആണ് പെണ്‍കുട്ടി ആദ്യം പറഞ്ഞതെന്ന് പൊലീസ് പറയുന്നു. എന്നാല്‍ ഇതില്‍ സംശയം തോന്നിയ നെടുമങ്ങാട് ഇന്‍സ്‌പെക്ടര്‍ എസ് എച്ച് ഒ സതീഷ് കുമാറും എസ് ഐ സൂര്യയും പെണ്‍കുട്ടിക്ക് കൗണ്‍സിലിങ്ങ് നല്‍കിയപ്പോള്‍ ആണ് പെണ്‍കുട്ടി പീഡന വിവരം പുറത്ത് പറയുന്നത്. 

ശ്യാം പ്രണയമാണെന്ന് പറഞ്ഞ് നിരന്തരം ശല്യം ചെയ്തിരുന്നതായി പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. ആധാര്‍ കാര്‍ഡിലെ തെറ്റു തിരുത്താന്‍ നെടുമങ്ങാട് ഉള്ള അക്ഷയ കേന്ദ്രത്തില്‍ എത്തിയപ്പോള്‍ ശ്യാം തന്നെ കാണാന്‍ എത്തിയെന്നും ഭീഷണിപ്പെടുത്തി അക്ഷയ സെന്ററിന്റെ ഗോവണിക്ക് അടിയില്‍ കൊണ്ട് പോയി പീഡിപ്പിച്ചു എന്നും പെണ്‍കുട്ടി പറഞ്ഞതായി പൊലീസ് പറയുന്നു. ഇതിന് ശേഷം പല തവണ ഭീഷണിപ്പെടുത്തി പലയിടങ്ങളില്‍ കൊണ്ട് പോയി ശ്യാം പീഡിപ്പിച്ചതായും അത്തരത്തില്‍ ശ്യാമിന്റെ ഭീഷണിക്ക് വഴങ്ങി പോയതിനാലാണ് തിരികെ വീട്ടില്‍ എത്താന്‍ പെണ്‍കുട്ടി വൈകിയതെന്നും പൊലീസ് പറഞ്ഞു. 

തുടര്‍ന്ന് പൊലീസ് വിവരം രക്ഷിതാക്കളോട് പറഞ്ഞു. തുടര്‍ന്ന് ഇവര്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തത് അറിഞ്ഞ് ശ്യാം ഒളിവില്‍ പോയി. ഇയാളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ പല തവണ പ്രതിക്ക് സമീപം പൊലീസ് എത്തിയെങ്കിലും പ്രതി രക്ഷപ്പെട്ടു. ഒടുവില്‍ പ്രതി നിലവില്‍ താമസിക്കുന്ന പേട്ടയിലെ വീട്ടില്‍ എത്തിയ സംഘം വീട് വീടുവളഞ്ഞെങ്കിലും പൊലീസിനെ വെട്ടിച്ച് പ്രതി വീണ്ടും കടന്നു. 

എന്നാല്‍ റസിഡന്‍സ് അസോസിയേഷന്റെ സഹായത്തോടെ പ്രദേശം മുഴുവന്‍ നടത്തിയ തിരച്ചിലില്‍  പ്രതിയെ പിടികൂടുകയായിരുന്നു. ഇയാള്‍ നിരവധി കേസുകളില്‍ പ്രതി ആണെന്ന് നെടുമങ്ങാട് പൊലീസ് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ

'കൊന്ന മുറിച്ചാല്‍ വിഷു മുടങ്ങില്ല'; തരൂരിന്റെ പരിപാടിയില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്‍മാറ്റം, അന്വേഷണ കമ്മീഷനെ വയ്ക്കണം: എംകെ രാഘവന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ