ജീവനക്കാരെ നിയമിച്ചത് ഈ ഗവര്‍ണറുടെ കാലത്തല്ല,  ഫോട്ടോഗ്രാഫര്‍ തസ്തിക സൃഷ്ടിച്ചിട്ടില്ല; കത്തില്‍ വിശദീകരണവുമായി രാജ്ഭവന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st November 2022 02:53 PM  |  

Last Updated: 21st November 2022 02:53 PM  |   A+A-   |  

governor_arif_muhammed_khan

ആരിഫ് മുഹമ്മദ് ഖാന്‍/ പിടിഐ ചിത്രം

 

തിരുവനന്തപുരം: താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാന്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കി എന്ന വാര്‍ത്തയില്‍ വിശദീകരണവുമായി രാജ്ഭവന്‍ രംഗത്തെത്തി. രാജ്ഭവനില്‍ കുടുംബശ്രീ വഴി താല്‍ക്കാലിക ജോലിക്കാരെ നിയമിച്ചത് ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറായ കാലത്തല്ല. ജീവനക്കാരുടെ കുറവു മൂലമാണ് താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ ആവശ്യപ്പെട്ടതെന്നും രാജ്ഭവന്‍ വിശദീകരണത്തില്‍ പറയുന്നു.

പുതുതായി ഫോട്ടോഗ്രാഫര്‍ തസ്തിക രാജ്ഭവന്‍ സൃഷ്ടിച്ചിട്ടില്ല. നേരത്തെ സൈഫര്‍ അസിസ്റ്റന്റ് എന്ന പേരില്‍ നേരത്തെ ഒരു തസ്തിക ഉണ്ടായിരുന്നു എന്നും വിശദീകരണക്കുറിപ്പില്‍ രാജ്ഭവന്‍ വ്യക്തമാക്കി. 

രാജ്ഭവനിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ 2020 ല്‍ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്താണ് പുറത്തു വന്നത്.

കുടുംബശ്രീ വഴി നിയമിച്ച 20 പേരെയും ഫോട്ടോഗ്രാഫറെയും സ്ഥിരപ്പെടുത്താനാണ് കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.  കുടുംബശ്രീ വഴി നിയമിതരായി രാജ്ഭവനില്‍ ജോലി ചെയ്യുന്ന 45 പേരില്‍ 20 പേരെ സ്ഥിരപ്പെടുത്തണമെന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. 

2020 ഡിസംബര്‍ 29 നാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കിയത്. ഗവര്‍ണറുടെ ആവശ്യം പരിഗണിച്ച് ഒരു ഫോട്ടോഗ്രാഫര്‍ക്ക്, അത്തരമൊരു തസ്തിക പുതുതായി സൃഷ്ടിച്ച് രാജ്ഭവനില്‍ നിയമിച്ച് ഫെബ്രുവരിയില്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു.  

ഈ വാർത്ത കൂടി വായിക്കൂ

രാജ്ഭവനിലെ 20 താല്‍ക്കാലിക ജീവനക്കാരെയും ഫോട്ടോഗ്രാഫറെയും സ്ഥിരപ്പെടുത്തണം, മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ അയച്ച കത്ത് പുറത്ത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ