രോ​ഗിയുടെ മരണവിവരം അറിയിച്ചതിന് ഡോക്ടർക്ക് മർദനം; ശക്തമായ നടപടിയുണ്ടാകുമെന്ന് വീണ ജോർജ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd November 2022 08:49 PM  |  

Last Updated: 23rd November 2022 09:05 PM  |   A+A-   |  

veena_george

വീണാ ജോർജ്

 

തിരുവനന്തപുരം; രോ​ഗിയുടെ മരണവിവരം അറിയിച്ച വനിതാ ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ കുറ്റക്കാരനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങള്‍ അപലപനീയമാണ്. ആക്രമണങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ന്യൂറോ സര്‍ജറി വിഭാഗത്തിലെ റെസിഡന്റ് ഡോക്ടറാണ് ആക്രമണത്തിന് ഇരയായത്. 

ഡോക്ടറുടെ പരാതിയിൽ കൊല്ലം സ്വദേശി സെന്തിൽ കുമാറിനെതിരെ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തിട്ടുണ്ട്. ചവിട്ടേറ്റ ഡോക്ടര്‍ നിലവില്‍ ചികിത്സയിലാണ്. പൊലീസ് എത്തി പരിക്കേറ്റ ഡോകടറുടെ മൊഴി രേഖപ്പെടുത്തി. തലച്ചോറിലെ മുഴയുമായി രണ്ടാഴ്ച മുൻപ് ചികിത്സയ്ക്കെത്തിയ കൊല്ലം സ്വദേശി ശുഭയാണ് മരിച്ചത്. ഈ സമയത്ത് ഐസിയുവിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ മരണവിവരം  സെന്തിൽ കുമാറിനെ അറിയിച്ചു. വിവരം കേട്ടയുടനെ സെന്തിൽ കുമാര്‍ ഡോക്ടറെ അസഭ്യം പറഞ്ഞ് വയറ്റിൽ ചവിട്ടിയെന്നാണ് പരാതി. അക്രമം കണ്ട് ഓടിയെത്തിയ മറ്റു രോഗികളുടെ കൂട്ടിരിപ്പുകാരാണ് സെന്തിലിനെ പിടിച്ചു മാറ്റിയത്. 

അക്രമത്തില്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പ്രതിഷേധിച്ചു. ഡോക്ടര്‍മാര്‍ക്ക് നേരെയുണ്ടാകുന്ന അക്രമസംഭവങ്ങള്‍ ചര്‍ച്ചചെയ്യുമെന്നും ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെടുമെന്നും അധികൃതര്‍ വ്യക്തമാക്കി. കുറ്റക്കാരനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങള്‍ അപലപനീയമാണ്. ആക്രമണങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സെക്രട്ടേറിയറ്റ് അസിസ്റ്റന്റായി ജോലി തരപ്പെടുത്താം, തട്ടിയത് 81 ലക്ഷം; മുൻ സെക്രട്ടേറിയറ്റ് ജീവനക്കാരൻ അറസ്റ്റിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ