'ചിലരത് മറന്നു'. മേയറുടെ രാജി ആദ്യം ആവശ്യപ്പെട്ടത് താന്‍; സതീശനെ കുത്തി യൂത്ത് കോണ്‍ഗ്രസ് സമരവേദിയില്‍ തരൂര്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th November 2022 11:49 AM  |  

Last Updated: 24th November 2022 11:49 AM  |   A+A-   |  

shashi_tharoor

ശശി തരൂര്‍/ ഫയല്‍

 

തിരുവനന്തപുരം: നിയമന കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ രാജി ആദ്യം ആവശ്യപ്പെട്ടത് താനാണെന്ന് ശശി തരൂര്‍ എംപി. എന്നാല്‍ മറ്റു ചിലര്‍ അത് മറന്നുവെന്ന്, വി ഡി സതീശനെ കുത്തി ശശി തരൂര്‍ അഭിപ്രായപ്പെട്ടു. നവംബര്‍ ഏഴിന് രാവിലെ താനാണ് ആദ്യം മേയറുടെ രാജി ആവശ്യപ്പെട്ടത്. കോര്‍പ്പറേഷനെതിരായ യുഡിഎഫിന്റെ സമരത്തിന് തന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

മേയര്‍ ആര്യാ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ സമരത്തില്‍ പങ്കെടുത്താണ് ശശി തരൂര്‍ നിലപാട് വ്യക്തമാക്കിയത്. ഈ വിഷയത്തില്‍ തരൂര്‍ നിലപാട് സ്വീകരിച്ചില്ലെന്ന വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് തരൂരിന്റെ പ്രതികരണം. മേയറുടെ രാജി ആവശ്യപ്പെട്ടത് മൂന്നു കാരണങ്ങള്‍ കൊണ്ടാണെന്നും തരൂർ വ്യക്തമാക്കി.

സംസ്ഥാനത്ത് തൊഴിലില്ലായ്മ അതി രൂക്ഷമാണ്. സര്‍ക്കാര്‍ ജോലിയാകട്ടെ, കോര്‍പ്പറേഷന്‍ താല്‍ക്കാലിക ജോലിയാകട്ടെ നാട്ടിലെ എല്ലാ പൗരന്മാരെയും പരിഗണിക്കേണ്ടതുണ്ട്. ഈ ജോലിക്ക് ശമ്പളം നല്‍കുന്നത് നാട്ടിലെ ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ്. ഈ ജോലി പാര്‍ട്ടിക്കാര്‍ക്ക് മാത്രം നല്‍കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് തരൂര്‍ പറഞ്ഞു. വേറെ ചടങ്ങുകളുണ്ടായിരുന്നതിനാലാണ് തിരുവനന്തപുരത്തെ സമരപ്പന്തലില്‍ എത്താന്‍ വൈകിയത്. 

സമരത്തിന്റെ നേതൃത്വം എംപി എന്ന നിലയില്‍ ഏറ്റെടുക്കുമോ എന്ന ചോദ്യത്തിന്, പാര്‍ലമെന്ററി പാര്‍ട്ടി നേതാവും കൗണ്‍സിലര്‍മാരും സമരത്തിന് ഇരിക്കുമ്പോള്‍ അവര്‍ക്ക് പിന്തുണ കൊടുക്കുകയാണ് തന്റെ കര്‍ത്തവ്യം. സമരത്തിന് നേതൃത്വം അവരുടെ തന്നെയാണ്. മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിക്കാന്‍ പിശുക്കു കാണിക്കുന്നു എന്ന വിമര്‍ശനം ഉണ്ടല്ലോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് തരൂരിന്റെ മറുപടി ഇപ്രകാരമായിരുന്നു. 

മുഖ്യമന്ത്രി തെറ്റു ചെയ്താല്‍, ഒരു സംശയവും വേണ്ട പറയാനുള്ളതെല്ലാം പറയും. ഇത് കോര്‍പ്പറേഷനിലെ വിഷയമാണ്. അതുകൊണ്ടാണ് മേയര്‍ക്കെതിരെ പ്രസ്താവന നടത്തിയത്. എഴുത്ത് ഒപ്പിട്ടവര്‍ക്കല്ലേ ഉത്തരവാദിത്തമെന്നും തരൂര്‍ ചോദിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷന് മുന്നില്‍ നടന്ന പ്രതിഷേധ സമരത്തില്‍ ഡിസിസി പ്രസിഡന്റ് പാലോട് രവി, കെ എസ് ശബരീനാഥന്‍, ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ് തുടങ്ങിയ നേതാക്കള്‍ സമരത്തില്‍ പങ്കെടുത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ഒരു നേതാവിനെയും ഭയപ്പെടേണ്ട; ഇപ്പോഴേ കുപ്പായം തയ്പ്പിക്കേണ്ടതില്ല': തരൂര്‍ വിവാദത്തില്‍ ചെന്നിത്തല

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ