ഒത്തുതീര്‍പ്പിനെന്ന് പറഞ്ഞ് വിളിച്ചിറക്കി, കുത്തിക്കൊന്നത് ലഹരി വില്‍പ്പന ചോദ്യം ചെയ്തതിന്; തലശേരി ഇരട്ടക്കൊലപാതകത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th November 2022 07:22 AM  |  

Last Updated: 24th November 2022 07:22 AM  |   A+A-   |  

khalid

ഷമീര്‍, ഖാലിദ്

 

കണ്ണൂര്‍: തലശേരി ഇരട്ടക്കൊലപാതകത്തില്‍  മൂന്നുപേര്‍ കസ്റ്റഡിയില്‍. തലശ്ശേരി സ്വദേശികളായ ജാക്‌സണ്‍, ഫര്‍ഹാന്‍, നവീന്‍ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.  ലഹരി മാഫിയ നടത്തിയ കൊലപാതകത്തില്‍ മുഖ്യപ്രതി പാറായി ബാബുവിനായി തെരച്ചില്‍ തുടരുകയാണ്. പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സിപിഎം രംഗത്ത് വന്നു. കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകരായ ഖാലിദിന്റെയും ഷമീറിന്റെയും മൃതദേഹം ഇന്ന് സംസ്‌കരിക്കും.

ഇന്നലെ കണ്ണൂര്‍ തലശേരിയില്‍ സംഘര്‍ഷത്തിനിടെ മൂന്ന് പേര്‍ക്കാണ് കുത്തേറ്റത്. തലശേരി നിട്ടൂര്‍ സ്വദേശികളായ ഖാലിദ് (52), ഷമീര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ലഹരി വില്‍പ്പന ചോദ്യം ചെയ്തതും ചില സാമ്പത്തിക തര്‍ക്കവുമാണ് സംഘര്‍ഷത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു.ബാബുവും ജാക്‌സണുമാണ് കുത്തിയതെന്ന് ഖാലിദിന്റെ മരണ മൊഴിയില്‍ പറയുന്നു.

ഇന്നലെ വൈകിട്ട് നാല് മണിയോടെ തലശേരി സിറ്റി സെന്ററിനടുത്തുവച്ചാണ് സംഭവം. ഇല്ലിക്കുന്ന് ത്രിവര്‍ണഹൗസില്‍ കെ ഖാലിദ്, ഖാലിദിന്റെ സഹോദരി ഭര്‍ത്താവും സിപിഎം നെട്ടൂര്‍ ബ്രാഞ്ചംഗവുമായ പൂവനാഴി ഷമീര്‍ എന്നിവരാണ് മരിച്ചത്. ഖാലിദ് തലശേരി സഹകരണ ആശുപത്രിയിലും ഷമീര്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും വെച്ചാണ് മരിച്ചത്.

ഷമീറിന്റെ സുഹൃത്ത് നെട്ടൂര്‍ സാറാസില്‍ ഷാനിബിനും സംഘര്‍ഷത്തിനിടെ കുത്തേറ്റു. ഇയാളുടെ പരിക്ക് ഗുരുതരമല്ല എന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്. ലഹരി വില്‍പ്പന സംഘത്തില്‍പ്പെട്ട ജാക്‌സണും പാറായി ബാബുവും അടങ്ങുന്ന സംഘമാണ് കുത്തിയതെന്ന് ഷമീര്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. 

ലഹരി വില്‍പന ചൊദ്യം ചെയ്ത ഷമീറിന്റെ മകനെ ബുധനാഴ്ച ഉച്ചക്ക് നെട്ടൂര്‍ ചിറക്കക്കാവിനടുത്ത് വച്ച് ജാക്സണ്‍ മര്‍ദിച്ചിരുന്നു. ഇവര്‍ തമ്മില്‍ വാഹനം വിറ്റ പണം സംബന്ധിച്ച തര്‍ക്കവുമുണ്ടായിരുന്നു. മകനെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതറിഞ്ഞ് എത്തിയ ഖാലിദിനേയും മറ്റും ഒത്തുതീര്‍പ്പിന് എന്ന് പറഞ്ഞ് ജാക്‌സണും സംഘവും റോഡിലേക്ക് വിളിച്ചിറക്കി. സംസാരത്തിനിടയില്‍ കൈയില്‍ കരുതിയ കത്തിയെടുത്ത് ജാക്‌സണ്‍ ഖാലിദിനെ കുത്തി. തടയാന്‍ ശ്രമിച്ച ഷമീറിനും ഷാനിബിനും കുത്തേറ്റു. ഖാലിദിനും ഷമീറിനും കഴുത്തിലും വയറിലുമാണ് കുത്തേറ്റതെന്ന് പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

രോ​ഗിയുടെ മരണവിവരം അറിയിച്ചതിന് ഡോക്ടർക്ക് മർദനം; ശക്തമായ നടപടിയുണ്ടാകുമെന്ന് വീണ ജോർജ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ