

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം അക്രമാസക്തമായതില്‍ സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം തീരുമാനമാകാതെ പിരിഞ്ഞു. വിഴിഞ്ഞം പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന നിലപാടില്‍ സമരസമിതി ഉറച്ചുനിന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതിഷേധം സ്വാഭാവിക പ്രതികരണമെന്നായിരുന്നു സര്‍വകക്ഷിയോഗത്തില്‍ സമരസമിതി നേതാക്കക്കളുടെ നിലപാട്.
ആക്രമണങ്ങളെ സമരസമിതി ഒഴികെ സര്‍വകക്ഷിയോഗത്തില്‍ പങ്കെടുത്തവര്‍ അപലപിച്ചു. പൊലീസ് സ്റ്റേഷന്‍ ആക്രമണം കേട്ടുകേള്‍വി ഇല്ലാത്തതാണെന്നും ഇത്തരം പ്രവണത അനുവദിക്കില്ലെന്നും മന്ത്രി ജിആര്‍ അനില്‍ വ്യക്തമാക്കി.
സര്‍വകക്ഷിയോഗത്തില്‍ ചര്‍ച്ച നടന്നു, ഫലം എന്തെന്ന് അറിയില്ലെന്ന് സമരസമിതി കണ്‍വീനര്‍ മോണ്‍.യൂജിന്‍ പെരേര പറഞ്ഞു. സമാധാന അന്തരീക്ഷം ഉണ്ടാക്കണം എന്നതില്‍ എല്ലാവര്‍ക്കും ഒരേ അഭിപ്രായമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിഴിഞ്ഞത്ത് സമാധാനം സംരക്ഷിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. വിഴിഞ്ഞം സമര സമിതിയുടെ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ ആറുതവണയിലേറെ ചര്‍ച്ചകള്‍ നടത്തി. ഇനിയും ആവശ്യമെങ്കില്‍ സമരക്കാരെ കേള്‍ക്കാന്‍ തയ്യാറാണ്. വിഴിഞ്ഞം പദ്ധതി നിറുത്തിവക്കാന്‍ കഴിയില്ല. ജനങ്ങളുടെ സൈ്വര ജീവിതത്തെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും എല്ലാവരും പിന്‍മാറണമെന്ന് യോഗത്തില്‍ ധാരണയായതായും മന്ത്രി പറഞ്ഞു. എം.വിന്‍സെന്റ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാര്‍, കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി.കെ രാജു, കൗണ്‍സിലര്‍മാര്‍ , ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, സിറ്റി പോലീസ് കമ്മിഷണര്‍ സ്പര്‍ജന്‍ കുമാര്‍, സബ് കളക്ടര്‍ അശ്വതി ശ്രീനിവാസ്, എ.ഡി.എം ജെ.അനില്‍ ജോസ്, വിവിധ രാഷ്ട്രീയ - സാമുദായിക സംഘടനകളിലെ പ്രതിനിധികള്‍, വിഴിഞ്ഞം സമര സമിതി നേതാക്കള്‍ തുടങ്ങിയവരും പങ്കെടുത്തു.
അതേസമയം, സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വിഴിഞ്ഞത്തേക്ക് കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചു. ശബരിമലയില്‍ നിന്ന് നൂറ് പൊലീസുകാരെ വിഴിഞ്ഞത്തേക്ക് നിയോഗിച്ചത്. ശബരിമല അഡീഷണല്‍ ഡ്യൂട്ടിയിലുള്ള പൊലീസുകാരെയാണ് വിന്യസിച്ചത്. ഉടന്‍ വിഴിഞ്ഞത്ത് എത്താന്‍ നിര്‍ദേശം നല്‍കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
