മാങ്ങാവ്യാപാരിയെ തട്ടിക്കൊണ്ടു പോയതിന് പിന്നില്‍ സ്വര്‍ണ നിധി വാഗ്ദാനം; മൂന്നുപേര്‍ പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th November 2022 11:04 AM  |  

Last Updated: 28th November 2022 11:04 AM  |   A+A-   |  

palakkad_kidnap

പരിക്കേറ്റ വ്യാപാരി ആശുപത്രിയില്‍/ ടിവി ദൃശ്യം

 

പാലക്കാട്: പാലക്കാട് കൊല്ലങ്കോട് മാങ്ങാവ്യാപാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതിന് പിന്നില്‍ സ്വര്‍ണ നിധി വാഗ്ദാനമെന്ന് മൊഴി. മുതലമട സ്വദേശി കബീര്‍ പലപ്പോഴായി 30 ലക്ഷത്തിലേറെ രൂപ വാങ്ങിയിരുന്നതായി അറസ്റ്റിലായ പ്രതികള്‍ പൊലീസിനോട് പറഞ്ഞു. സ്വര്‍ണവും പണവും കിട്ടാതെ വന്നതോടെയാണ് കബീറിനെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടതെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞു. 

തമിഴ്‌നാട് മധുര സ്വദേശികളായ വിജയ്, ഗൗതം, ശിവ എന്നിവരാണ് അറസ്റ്റിലായത്. മുതലമടയിലെ മാങ്ങാ കര്‍ഷകനാണ് കബീര്‍. കഴിഞ്ഞ ദിവസം ഉച്ചയോടെ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം സുഹൃത്തിനൊപ്പം ബൈക്കില്‍ മടങ്ങവേ കാറിടിച്ച് വീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാലിന് പരിക്കേറ്റ കബീറിനെ ആശുപത്രിയില്‍ കൊണ്ടുപോകാമെന്ന് പറഞ്ഞ് സംഘം കാറില്‍ കയറ്റി. 

സുഹൃത്തിനെ കാറില്‍ കയറ്റാതെ സംഘം അതിവേഗം വിട്ടുപോയി. മീനാക്ഷിപുരം വഴി തമിഴ്‌നാട്ടിലേക്ക് കടക്കാനായിരുന്നു ശ്രമം. സംശയം തോന്നി കാറിനെ പിന്തുടര്‍ന്ന സുഹൃത്ത് മീനാക്ഷിപുരം പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് വഴിയില്‍ വെച്ച് കാര്‍ തടഞ്ഞ് കബീറിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മീനാക്ഷിപുരം പൊലീസ് പിടികൂടിയ പ്രതികളെ കൊല്ലങ്കോട് പൊലീസിന് കൈമാറി. 

സ്വര്‍ണം കിട്ടാന്‍ കബീര്‍ പല അവധി പറഞ്ഞെങ്കിലും നടപ്പായില്ല. തുടര്‍ന്ന് പണം തിരികെ നല്‍കാമെന്ന് പറഞ്ഞെങ്കിലും കബീര്‍ തിരികെ നല്‍കിയില്ല. ഇതേത്തുടര്‍ന്നാണ് കബീറിനെ തട്ടിക്കൊണ്ടുപോയി പണം തിരികെ വാങ്ങാന്‍ തീരുമാനിച്ചതെന്ന് പ്രതികള്‍ പറഞ്ഞു. പരിക്കേറ്റ് ചിറ്റൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള കബീര്‍, കാറിലുണ്ടായിരുന്ന ഒരാളെ തനിക്ക് പരിചയമുള്ളതായി പൊലീസിനോട് പറഞ്ഞു. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കബീറിന്റെ ഇടപാടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ‌ 

വാതിലിന്റെ പൂട്ട് പൊളിച്ച് വീടിനുള്ളില്‍, കിട്ടിയത് താക്കോല്‍ മാത്രം; മോഷ്ടാവ് കാറുമായി സ്ഥലംവിട്ടു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ