വിഴിഞ്ഞം സംഘര്‍ഷം സര്‍ക്കാരിന്റെ തിരക്കഥ; നട്ടെല്ലുണ്ടെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തട്ടെ: ലത്തീന്‍ അതിരൂപത
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th November 2022 09:27 AM |
Last Updated: 28th November 2022 09:27 AM | A+A A- |

ഫാ. യൂജിന്‍ പെരേര മാധ്യമങ്ങളോട് സംസാരിക്കുന്നു/ ടിവി ദൃശ്യം
തിരുവനന്തപുരം: വിഴിഞ്ഞം സംഘര്‍ഷം സര്‍ക്കാരിന്റെ തിരക്കഥയെന്ന് ലത്തീന്‍ അതിരൂപത. സമരക്കാര്‍ക്കു നേരെയുണ്ടായത് ആസൂത്രിത ആക്രമണമാണ്. സമരം പൊളിക്കാന്‍ സര്‍ക്കാര്‍ നടത്തിയ നീക്കമാണ് കണ്ടത്. സംഘര്‍ഷത്തിന് പിന്നില്‍ ബാഹ്യശക്തികളെന്നും സമരസമിതി കണ്‍വീനര്‍ ഫാദര്‍ യൂജിന്‍ പെരേര ആരോപിച്ചു.
സമാധാനപരമായി സമരം നടത്തിയവരെ ചിലര്‍ പ്രകോപിപ്പിച്ചു. തുടര്‍ച്ചയായ പ്രകോപനത്തിനൊടുവിലാണ് പ്രതിരോധിക്കേണ്ടി വന്നത്. ഷാഡോ പൊലീസ് എന്ന പേരില്‍ സമരക്കാരായ ചിലരെ പിടിച്ചുകൊണ്ടുപോയി. ഒരു കുറ്റകൃത്യത്തിലും ഉള്‍പ്പെടാത്തവര്‍ക്ക് എതിരെ വരെ കേസെടുത്തു.
വൈദികരെ വരെ പ്രതികളാക്കാന്‍ ശ്രമിച്ചു. സംഘര്‍ഷ സംഭവങ്ങളുമായി ബന്ധമില്ലാത്ത ആര്‍ച്ച് ബിഷപ്പിനെ വരെ പ്രതിയാക്കി. സഹായമെത്രാനെതിരെയും കേസെടുത്തു. സമരം നിര്‍വീര്യമാക്കാനുള്ള ശ്രമങ്ങളില്‍ സര്‍ക്കാരും അദാനിയും ഒറ്റക്കെട്ടാണ്. സമരക്കാര്‍ക്ക് എതിരെയുണ്ടായ അക്രമം സര്‍ക്കാരിന്റെയും അദാനി ഗ്രൂപ്പിന്റെയും പിന്തുണയോടെയാണ്.
തന്റെ ദേഹത്തു വരെ ടിയര്‍ ഗ്യാസ് പതിച്ചു. പൊലീസുകാര്‍ക്ക് പരിക്കുപറ്റിയത് ഖേദകരമായ സംഭവമാണ്. സംഭവസ്ഥലത്തില്ലാത്ത, മീന്‍ പിടിക്കാന്‍ പോയ മത്സ്യത്തൊഴിലാളി സെല്‍ട്ടനെയാണ് പൊലീസ് പിടിച്ചുകൊണ്ടുപോയി റിമാന്‍ഡ് ചെയ്തത്. സംഘര്‍ഷത്തില്‍ സെല്‍ട്ടന് ഒരു ബന്ധവുമില്ല.
സര്‍വകക്ഷിയോഗത്തിന്റെ ഉദ്ദേശം വ്യക്തമല്ല. സിപിഎം-ബിജെപി കൂട്ടുകെട്ട് ദുരൂഹമാണ്. പ്രതിരോധത്തിലാക്കാന്‍ ശ്രമിച്ചാല്‍ പ്രതികരിക്കും. വിഴിഞ്ഞത്ത് ഇന്നലെയുണ്ടായ അക്രമസംഭവങ്ങളില്‍ സര്‍ക്കാര്‍ നട്ടെല്ലുണ്ടെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ തയ്യാറാകണമെന്നും ഫാദര്‍ യൂജിന്‍ പെരേര ആവശ്യപ്പെട്ടു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ