വിഴിഞ്ഞം സംഘര്‍ഷം: എന്‍ഐഎ ഇടപെടുന്നു; പൊലീസിനോട് വിശദാംശങ്ങള്‍ തേടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th November 2022 11:03 AM  |  

Last Updated: 30th November 2022 11:09 AM  |   A+A-   |  

vizhinjam_clash

സമരക്കാര്‍ തകര്‍ത്ത പൊലീസ് സ്റ്റേഷന്‍ കമ്മീഷണര്‍ സന്ദര്‍ശിക്കുന്നു/ ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് ചിത്രം

 

തിരുവനന്തപുരം: വിഴിഞ്ഞം സംഘര്‍ഷത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി ഇടപെടുന്നു. സംഘര്‍ഷവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വിഴിഞ്ഞം പൊലീസിനോട് എന്‍ഐഎ തേടി. സംഘര്‍ഷത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടുണ്ടോ എന്നാണ് എന്‍ഐഎ പരിശോധിക്കുന്നത്. 

പ്രാഥമിക പരിശോധനകള്‍ക്കായി എന്‍ഐഎ സംഘം ഇന്ന് വിഴിഞ്ഞത്ത് എത്തും. അക്രമത്തിന് പിന്നിലെ സാഹചര്യം, സമരത്തിന്റെ പശ്ചാത്തലം തുടങ്ങിയ കാര്യങ്ങളെല്ലാം സംഘം വിശദമായി പരിശോധിക്കും. വിഴിഞ്ഞം തുറമുഖ ഉപരോധത്തില്‍ കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സമരസമിതി നടത്തിയ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചാണ്  അക്രമാസക്തമായത്.

സമരക്കാര്‍ പൊലീസ് സ്റ്റേഷന്‍ അടിച്ചു തകര്‍ക്കുകയും പൊലീസ് ജീപ്പ് ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. 36 പൊലീസുകാര്‍ അടക്കം അമ്പതിലേറെപ്പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അക്രമവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 3000 ലേറെപ്പേര്‍ക്കെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വിഴിഞ്ഞത്ത് വന്‍ പൊലീസ് സേനയെയാണ് വിന്യസിച്ചിട്ടുള്ളത്. തീരദേശ പൊലീസ് സ്റ്റേഷനുകള്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. വിഴിഞ്ഞത്തെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിനായി ഡിഐജി ആര്‍ നിശാന്തിനിയുടെ നേതൃത്വത്തില്‍ പ്രത്യേക പൊലീസ് സംഘത്തെയും ആഭ്യന്തര വകുപ്പ് നിയോഗിച്ചിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ‌

വിഴിഞ്ഞത്ത് ഹിന്ദു ഐക്യവേദി മാര്‍ച്ചിന് അനുമതി നിഷേധിച്ചു; കനത്ത സുരക്ഷ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ