ചെങ്കൊടി പുതപ്പിച്ച് പിണറായി; പ്രിയസഖാവിന് അന്ത്യാഞ്ജലി, ജനസാഗരമായി തലശേരി

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 02nd October 2022 06:06 PM  |  

Last Updated: 02nd October 2022 06:08 PM  |   A+A-   |  

kodiyeri

കോടിയേരിക്ക് പിണറായി വിജയന്‍ അടക്കമുള്ളവര്‍ അന്ത്യാഭിവാദ്യം അര്‍പ്പിക്കുന്ന ദൃശ്യം, സ്‌ക്രീന്‍ഷോട്ട്

 

കണ്ണൂര്‍: സിപിഎമ്മിന്റെ സമുന്നത നേതാവ് കോടിയേരി ബാലകൃഷ്ണനെ അവസാനമായി ഒരു നോക്ക് കാണാന്‍ തലശേരിയിലേക്ക് ജനപ്രവാഹം. പ്രിയനേതാവിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്രയ്ക്ക് അഭിവാദ്യം അര്‍പ്പിക്കാന്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ആയിരങ്ങളാണ് റോഡിന് ഇരുവശവും അണിനിരന്നത്.  

വിലാപയാത്ര തലശേരി ടൗണ്‍ഹാളില്‍ എത്തിച്ചേര്‍ന്നപ്പോള്‍ വികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. വിലാപയാത്ര ടൗണ്‍ഹാളില്‍ എത്തിച്ചേര്‍ന്നപ്പോള്‍ ആയിരങ്ങളാണ് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും മുതിര്‍ന്ന നേതാക്കളും ചേര്‍ന്ന് ചെങ്കൊടി പുതപ്പിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പതിനായിരങ്ങളാണ് തലശേരിയിലേക്ക് എത്തിച്ചേര്‍ന്നത്.

രാത്രി പത്ത് മണി വരെ ഇവിടെ പൊതുദര്‍ശനത്തിന് വെക്കും. ഉച്ചയ്ക്ക് 12.54 ഓടുകൂടിയാണ് കോടിയേരിയുടെ മൃതദേഹം വഹിച്ചുള്ള എയര്‍ ആംബുലന്‍സ് ചെന്നൈയില്‍ നിന്ന് കണ്ണൂരിലെത്തിയത്. കോടിയേരിയുടെ ഭാര്യ വിനോദിനി മകന്‍ ബിനീഷ് അദ്ദേഹത്തിന്റെ ഭാര്യ റിനീറ്റ എന്നിവര്‍ ചെന്നൈയില്‍ നിന്ന് മൃതദേഹത്തെ അനുഗമിച്ചിരുന്നു.

വിമാനത്താവളത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ നേതൃത്വത്തില്‍ മൃതദേഹം ഏറ്റുവാങ്ങി. വിമാനത്താവളത്തില്‍ നിന്ന് തലശ്ശേരിയിലേക്കുള്ള വിലാപ യാത്രയില്‍ ആയിരക്കണക്കിന് പേര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. ജനങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ 14 കേന്ദ്രങ്ങളില്‍ മൃതദേഹം വഹിച്ചുള്ള വാഹനം നിര്‍ത്തിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

മകളുടെ മുന്നിലിട്ട് അച്ഛനെ മര്‍ദിച്ച സംഭവം; ഒരു കെഎസ്ആര്‍ടിസി ജീവനക്കാരന്‍ കൂടി അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ