ഹിന്ദുക്കള്‍ സമീപ ഭാവിയില്‍ ന്യൂനപക്ഷമായി മാറുമെന്ന നുണ പ്രചരിപ്പിക്കുന്നു; ആര്‍എസ്എസ് മേധാവിക്കെതിരെ മുഖ്യമന്ത്രി 

വസ്തുതയ്ക്കു നിരക്കുന്നതോ കണക്കുകളുടെ പിന്‍ബലമുള്ളതോ അല്ല ഈ പ്രചാരണം
പിണറായി വിജയന്‍/ഫയല്‍ ചിത്രം
പിണറായി വിജയന്‍/ഫയല്‍ ചിത്രം

തിരുവനന്തപുരം: രാജ്യത്തെ ജനസംഖ്യയില്‍ മതാടിസ്ഥാനത്തില്‍ അസന്തുലിതാവസ്ഥ നിലനില്‍ക്കുന്നുവെന്ന ആര്‍എസ്എസ് മേധാവിയുടെ പ്രസ്താവന വംശീയ വിരോധത്തിന്റെ കൂടു തുറന്നുവിടാനുള്ള ആസൂത്രിത നീക്കങ്ങളിലൊന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 
വസ്തുതയ്ക്കു നിരക്കുന്നതോ കണക്കുകളുടെ പിന്‍ബലമുള്ളതോ അല്ല ഈ പ്രചാരണം. ഹിന്ദുക്കള്‍ സമീപ ഭാവിയില്‍ ന്യൂനപക്ഷമായി മാറുമെന്ന നുണ സംഘപരിവാര്‍ വര്‍ഷങ്ങളായി പ്രചരിപ്പിക്കുകയാണ്. ആ ആയുധം വീണ്ടും പൊടിതട്ടിയെടുക്കുകയാണ് ആര്‍ എസ് എസ് എന്നും പിണറായി വിജയന്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ കുറ്റപ്പെടുത്തി.

'ടോട്ടല്‍ ഫെര്‍ട്ടിലിറ്റി റേറ്റി'നെ (TFR) ബന്ധപ്പെടുത്തിയാണ് ജനസംഖ്യാ വര്‍ധന കണക്കാക്കുന്നത്. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ രാജ്യത്തെ മറ്റ് മതങ്ങളെ അപേക്ഷിച്ച് മുസ്ലിം സമുദായത്തിലെ ടോട്ടല്‍ ഫെര്‍ട്ടിലിറ്റി റേറ്റ് കുറയുന്നതായാണ് കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട 2019-21 ലെ ദേശീയ കുടുംബാരോഗ്യ സര്‍വ്വേ (NFHS -5) യുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.  
 
സര്‍വ്വേ പ്രകാരം ഹിന്ദു, മുസ്ലിം സമുദായങ്ങളിലെ ടോട്ടല്‍ ഫെര്‍ട്ടിലിറ്റി റേറ്റ് യഥാക്രമം 1.9 ഉം 2.3 ഉം  ആണ്. വ്യത്യാസം വെറും 0.4 മാത്രമാണ്. മുസ്ലിം സമുദായത്തിലെ ടോട്ടല്‍ ഫെര്‍ട്ടിലിറ്റി റേറ്റ് 2015-16 ല്‍ 2.6 ആയിരുന്നത് 2019-21 ല്‍ 2.3 ആയി കുറഞ്ഞു. 1992-93 ല്‍ ഇത് 4.4 ആയിരുന്നു. ഇരുപതുവര്‍ഷങ്ങള്‍ക്കിടെ ഫെര്‍ട്ടിലിറ്റി നിരക്കിന്റെ കാര്യത്തില്‍ 41.2 ശതമാനത്തിന്റെ കുറവാണ് ഹിന്ദു സമുദായത്തിലുണ്ടായതെങ്കില്‍ മുസ്ലിങ്ങള്‍ക്കിടയില്‍ 46.5 ശതമാനമാണ് കുറവുണ്ടായത്.

സെന്‍സസ് കണക്കു പ്രകാരം ഹിന്ദു ജനസംഖ്യാ വര്‍ധനയില്‍ 3.1 ശതമാനത്തിന്റെ ഇടിവാണ് സംഭവിച്ചത്. എന്നാല്‍ മുസ്ലിം ജനസംഖ്യാ വര്‍ധനയില്‍ 4.7 ശതമാനം ഇടിവാണ് ഉണ്ടായത്. പൊതുമധ്യത്തില്‍ ഇത്തരം കണക്കുകള്‍ ലഭ്യമായിരിക്കുമ്പോഴാണ് ആര്‍എസ്എസ് തെറ്റായ കാര്യങ്ങള്‍  പറഞ്ഞുകൊണ്ട് വര്‍ഗ്ഗീയത പരത്തുന്നത്. 

മതാടിസ്ഥാനത്തില്‍ പൗരത്വത്തെ നിര്‍വ്വചിക്കുന്ന പൗരത്വ ഭേദഗതി നിയമം  നടപ്പിലാക്കുമെന്ന് ആവര്‍ത്തിച്ചു പറയുന്നുണ്ട്.  ഭരണഘടനാ മൂല്യങ്ങളെ വെല്ലുവിളിച്ചുകൊണ്ടുള്ള ഇത്തരം നീക്കങ്ങളുടെ തുടര്‍ച്ചയെന്നോണമാണ് ആര്‍എസ്എസ് മേധാവിയുടെ വിജയദശമി ദിനത്തിലെ പ്രസംഗം.
സംഘപരിവാറിന്റെ ജനസംഖ്യാ നുണയുടെ ലക്ഷ്യം വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളാണ്. വിദ്വേഷരാഷ്ട്രീയം  വളര്‍ത്തി തെരഞ്ഞെടുപ്പ് നേട്ടം കൊയ്യാനുള്ള ഈ വിപത്കരമായ നീക്കം മതനിരപേക്ഷ സമൂഹം തിരിച്ചറിയേണ്ടതുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com