വടക്കഞ്ചേരി അപകടം; ഒളിവിൽ പോയ ടൂറിസ്റ്റ് ബസ് ഡ്രൈവർ കൊല്ലത്ത് പിടിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th October 2022 04:23 PM  |  

Last Updated: 06th October 2022 04:27 PM  |   A+A-   |  

jomon

ടെലിവിഷൻ ദൃശ്യം

 

കൊല്ലം: വടക്കഞ്ചേരി അപകടം നടന്നതിന് പിന്നാലെ ഒളിവിൽ പോയ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോൻ പിടിയിൽ. കൊല്ലം ചവറയിൽ വച്ചാണ് ഇയാളെ പിടികൂടിയത്. തിരുവനന്തപുരത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ജോമോനെ ചവറ പൊലീസ് പിടികൂടിയത്. 

അപകടത്തിന് പിന്നാലെ ഇയാൾ തൃശൂരിലെ ആശുപത്രിയിൽ ചികിത്സ തേടി. പിന്നാലെ അവിടെ നിന്ന് തിരുവനന്തപുരത്തേക്ക് കടക്കാനായിരുന്നു ശ്രമം. അഭിഭാഷകനെ കാണാനായി കാറിൽ പോകുമ്പോഴാണ് ഇയാൾ പൊലീസിന്റെ വലയിലായത്.

ജോമോനെ രക്ഷപ്പെടാൻ സഹായിച്ച രണ്ട് പേരെയും പൊലീസ് കസ്റ്റഡയിൽ എടുത്തിട്ടുണ്ട്. എറണാകുളം കോട്ടയം സ്വദേശികളാണ് ഇരുവരും. 

ഇയാളെ ചവറ പൊലീസ് ചോദ്യം ചെയ്യുകയാണ്. അന്വേഷണത്തിന്റെ ഭാ​ഗമായി വടക്കഞ്ചേരി പൊലീസിന് കൈമാറും. 

വടക്കഞ്ചേരി അഞ്ചുമൂർത്തിമം​ഗലത്തിന് സമീപം സ്‌കൂളില്‍ നിന്നു വിനോദയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ വിദ്യാർത്ഥികളടക്കം ഒൻപത് പേര്‍ മരിച്ചു. അമ്പതോളം പേര്‍ക്ക് പരിക്കേറ്റു. ഏഴു പേരുടെ നില ഗുരുതരമാണ്.

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്നു വിനോദയാത്രയ്ക്ക് പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോകുകയായിരുന്നു. കൊട്ടാരക്കര- കോയമ്പത്തൂര്‍ സൂപ്പര്‍ഫാസ്റ്റ് ബസുമായി ഇടിച്ചാണ് അപകടമുണ്ടായത്. 

മരിച്ചവരില്‍ അഞ്ച് പേര്‍ വിദ്യാര്‍ത്ഥികളാണ്. ഒരു അധ്യാപകനും മൂന്ന് കെഎസ്ആര്‍ടിസി യാത്രക്കാരും അപകടത്തില്‍ മരിച്ചു. 41 വിദ്യാർത്ഥികളും അഞ്ച് അധ്യാപകരും അടങ്ങുന്നതായിരുന്നു വിനോദയാത്രാ സംഘം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

അപകടസമയത്ത് ടൂറിസ്റ്റ് ബസിന്റെ വേഗം 97.7 കിലോമീറ്റര്‍; ഡ്രൈവറെ കാണാനില്ല; ആശുപത്രിയില്‍ നല്‍കിയത് കള്ളപ്പേര് 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ