മന്ത്രി വീണാ ജോര്‍ജ്, പെട്ടി ഓട്ടോയില്‍ താമസമാക്കിയ കുട്ടികള്‍ 
മന്ത്രി വീണാ ജോര്‍ജ്, പെട്ടി ഓട്ടോയില്‍ താമസമാക്കിയ കുട്ടികള്‍ 

പെട്ടി ഓട്ടോ അഭയമാക്കിയ കുട്ടികളെ സര്‍ക്കാര്‍ സംരക്ഷിക്കും: നടപടിയുമായി ആരോഗ്യമന്ത്രി

കൊല്ലം സിഡബ്ല്യുസി ചെയര്‍മാനും അംഗങ്ങളും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറും സ്ഥലം സന്ദര്‍ശിച്ച് നസീറിനേയും മക്കളേയും നേരില്‍ കണ്ട് സംസാരിച്ചു

തിരുവനന്തപുരം: കൊല്ലം ശങ്കേഴ്‌സ് ജങ്ഷന് സമീപം പെട്ടി ഓട്ടോ അഭയമാക്കിയ തിരുവനന്തപുരം സ്വദേശി നസീറിന്റെ മക്കളെ വനിത ശിശുവികസന വകുപ്പ് സംരക്ഷിക്കും. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കുകയായിരുന്നു. കുട്ടികളുടെ സംരക്ഷണവും വിദ്യാഭ്യാസവും സര്‍ക്കാര്‍ ഏറ്റെടുക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.

കൊല്ലം സിഡബ്ല്യുസി ചെയര്‍മാനും അംഗങ്ങളും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറും സ്ഥലം സന്ദര്‍ശിച്ച് നസീറിനേയും മക്കളേയും നേരില്‍ കണ്ട് സംസാരിച്ചു. കുട്ടികളെ ജെജെ ആക്ട് അനുസരിച്ച് കൊല്ലത്തെ അംഗീകൃത ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റുന്നതാണ്. രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണുള്ളത്. കുട്ടികളെ തമ്മില്‍ വേര്‍പിരിക്കാതെ ഒരുമിച്ചായിരിക്കും താമസിപ്പിക്കുന്നത്.

എട്ടു വയസ്സുള്ള പെണ്‍കുട്ടിയും അഞ്ചും പതിനൊന്നും വയസ്സുള്ള ആണ്‍കുട്ടികളുമാണ് പെട്ടി ഓട്ടോയില്‍ കഴിഞ്ഞത്. ഏഴുമാസമായി നസീറും കുട്ടികളും ഈ പഴയ ഓട്ടോ റിക്ഷയിലാണ് താമസിക്കുന്നത്. വീടുകളില്‍നിന്ന് പഴയ പാത്രങ്ങളും ഇരുമ്പും പ്ലാസ്റ്റിക്കും വാങ്ങി ആക്രിക്കടയിലെത്തിക്കുന്ന പെട്ടി ഓട്ടോയില്‍ തന്നെ ഇവര്‍ രാത്രി കഴിച്ചുകൂട്ടും. 

പുലര്‍ച്ചെ റെയില്‍വേ സ്‌റ്റേഷനിലെ കാത്തിരിപ്പു കേന്ദ്രത്തിനടുത്തുള്ള ശൗചാലയം ഉപയോഗിക്കും. മക്കളെ ഒരുക്കി ഒന്‍പതരയോടെ സ്‌കൂളിലാക്കി നസീര്‍ ആക്രി പെറുക്കാന്‍ പോകും. റോഡിന്റെ വശത്ത് അടുപ്പുകൂട്ടിയാണ് ഭക്ഷണം പാകം ചെയ്യുന്നത്. എമര്‍ജന്‍സി ലൈറ്റിന്റെ വെളിച്ചത്തിലാണ് കുട്ടികളുടെ പഠനം. കുടുംബത്തിന്റെ ദുരവസ്ഥ മാധ്യമങ്ങളിലൂടെ പുറംലോകം അറിഞ്ഞതിന് പിന്നാലെയാണ് നടപടിയുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്. 

മറ്റൊരു മതത്തില്‍പ്പെട്ട സ്ത്രീയെ വിവാഹം കഴിച്ചതിന് നസീറിനെ കുടുംബത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് ഭാര്യ പിണങ്ങിപ്പോയി. കൊല്ലം പുള്ളിക്കടയിലെ പൊളിഞ്ഞുവീഴാറായ വീട്ടിലായിരുന്നു താമസം. കോവിഡ് ലോക്ക്ഡൗണില്‍ പൊലീസും സന്നദ്ധപ്രവര്‍ത്തകരും ഇടപെട്ട് ക്യാമ്പിലാക്കി. ലോക്ക്ഡൗണ്‍ കഴിഞ്ഞപ്പോള്‍ ക്യാമ്പില്‍നിന്ന് പറഞ്ഞുവിട്ടു. റെയില്‍വേ ക്വാര്‍ട്ടേഴ്‌സിലെ പൊളിഞ്ഞ ഒരു മുറിയിലായി പിന്നീട് താമസം. ക്വാര്‍ട്ടേഴ്‌സ് പൊളിച്ചുപണിയാന്‍ തുടങ്ങിയതോടെയാണ് കൈവശമുള്ള പെട്ടി ഓട്ടോ വീടാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com