രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു, വ്‌ളോഗര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം; ഹൈക്കോടതി നിര്‍ദേശം 

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എക്‌സ്‌പോകള്‍, ഓട്ടോ ഷോകള്‍ എന്നിവയില്‍ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ ഉപയോഗിക്കരുതെന്ന് ഹൈക്കോടതി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എക്‌സ്‌പോകള്‍, ഓട്ടോ ഷോകള്‍ എന്നിവയില്‍ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ ഉപയോഗിക്കരുതെന്ന് ഹൈക്കോടതി. ഇവ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. ഇത്തരത്തില്‍ നിയമവിരുദ്ധമായ വാഹനങ്ങളുടെ ദൃശ്യങ്ങള്‍ എടുത്ത് പ്രചരിപ്പിച്ച വ്‌ളോഗര്‍മാര്‍ ഉണ്ട്. ഈ വ്‌ളോഗര്‍മാര്‍ക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന വ്‌ളോഗര്‍മാരുടെ വീഡിയോകളും ഹൈക്കോടതി പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഗതാഗത കമ്മീഷണര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. വടക്കഞ്ചേരി ബസ് അപകടത്തെ തുടര്‍ന്ന് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.

ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത നിറം നല്‍കുന്നതില്‍ സാവകാശം നല്‍കില്ല. സാവകാശം നല്‍കണമെന്ന ടൂറിസ്റ്റ് ബസ് ഉടമകളുടെ ആവശ്യം കോടതി തള്ളി. കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യങ്ങള്‍ പാടില്ലെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. കെഎസ്ആര്‍ടിസി, കെയുആര്‍ടിസി ബസുകളിലെ പരസ്യങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നും സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ സ്വകാര്യ- പൊതു വാഹനങ്ങള്‍ എന്ന വ്യത്യാസമില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ കെഎസ്ആര്‍ടിസി ബസ് എന്നോ സ്വകാര്യ ബസ് എന്നോ വ്യത്യാസമില്ല. സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ ആര്‍ക്കും പ്രത്യേക ഇളവുകള്‍ ഒന്നും ഇല്ല. സുരക്ഷാ മാനദണ്ഡങ്ങള്‍ എല്ലാവരും ഒരുപോലെ പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

സ്വകാര്യ ബസുകളില്‍ അടക്കം ഡ്രൈവര്‍ കാബിന്‍, യാത്രക്കാര്‍ ഇരിക്കുന്ന സ്ഥലം എന്നിവിടങ്ങളില്‍ പരസ്യങ്ങളോ നിരോധിത ഫ്‌ലാഷ് ലൈറ്റുകളോ പാടില്ല. വടക്കഞ്ചേരി ബസ് അപകടത്തില്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ച്ച സംഭവിച്ചുവെന്നും ഹൈക്കാടതി നിരീക്ഷിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത വാഹനം വിനോദ യാത്രയ്ക്കായി ഉപയോഗിച്ചത് സ്‌കൂള്‍ അധികൃതരുടെ വീഴ്ചയാണെന്നും കോടതി പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com