കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യങ്ങള്‍ പാടില്ല; സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമെന്ന് ഹൈക്കോടതി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th October 2022 04:49 PM  |  

Last Updated: 14th October 2022 04:49 PM  |   A+A-   |  

KSRTC

ഫയൽ ചിത്രം

 

കൊച്ചി: കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യങ്ങള്‍ പാടില്ലെന്ന് ഹൈക്കോടതി. കെഎസ്ആര്‍ടിസി, കെയുആര്‍ടിസി ബസുകളിലെ പരസ്യങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നും സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ സ്വകാര്യ- പൊതു വാഹനങ്ങള്‍ എന്ന വ്യത്യാസമില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

വടക്കഞ്ചേരി ബസ് അപകടത്തെ തുടര്‍ന്ന് സ്വമേധയാ എടുത്ത കേസിലാണ് കെഎസ്ആര്‍ടിസി ബസുകളിലെ പരസ്യങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചത്. സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ കെഎസ്ആര്‍ടിസി ബസ് എന്നോ സ്വകാര്യ ബസ് എന്നോ വ്യത്യാസമില്ല. സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ ആര്‍ക്കും പ്രത്യേക ഇളവുകള്‍ ഒന്നും ഇല്ല. സുരക്ഷാ മാനദണ്ഡങ്ങള്‍ എല്ലാവരും ഒരുപോലെ പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

സ്വകാര്യ ബസുകളില്‍ അടക്കം ഡ്രൈവര്‍ കാബിന്‍, യാത്രക്കാര്‍ ഇരിക്കുന്ന സ്ഥലം എന്നിവിടങ്ങളില്‍ പരസ്യങ്ങളോ നിരോധിത ഫ്‌ലാഷ് ലൈറ്റുകളോ പാടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എക്‌സ്‌പോകള്‍, ഓട്ടോ ഷോ എന്നിവയില്‍ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ ഉപയോഗിക്കരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഇക്കാര്യം ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

വടക്കഞ്ചേരി ബസ് അപകടത്തില്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചുവെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത വാഹനം വിനോദ യാത്രയ്ക്കായി ഉപയോഗിച്ചത് സ്‌കൂള്‍ അധികൃതരുടെ വീഴ്ചയാണെന്നും കോടതി പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

'ഞാന്‍ അതിജീവിക്കും, കര്‍ത്താവെന്റെ കൂടെ'; പരാതിക്കാരിയുടെ സുഹൃത്തിന് എല്‍ദോസിന്റെ വാട്‌സ്ആപ്പ് സന്ദേശം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ